പാലാ : എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഓപ്പറേഷൻ കിടു'വിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ 105 ഗ്രാം കഞ്ചാവുമായി 20 കാരൻ പിടിയിൽ. സ്‌കൂൾ - കോളേജ് പരിസരങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്നവരെ പിടികൂടാൻ പാലാ റേഞ്ച് എക്‌സൈസ് സംഘമാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ന്യൂജൻ കഞ്ചാവുകാരെ പിടികൂടുകയാണ് ലക്ഷ്യം.
രാമപുരം, ഐങ്കൊമ്പ് ,ചൂച്ചേരി ഭാഗങ്ങളിലെ കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ വശീകരിച്ച് കഞ്ചാവ് വില്പന നടത്തി വന്നിരുന്ന ഐങ്കൊമ്പ് വടക്കേമുറിയിൽ വീട്ടിൽ , നന്ദു മുരുകനെയാണ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ബി.ബിനുവും സംഘവും ഐങ്കൊമ്പിൽ നിന്ന് പിടികൂടിയത്. 25 പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കോളേജ് വിദ്യാർത്ഥി എന്ന രൂപേണ വിദ്യാലയങ്ങളുടെ പരിസരത്തു കൂടി കറങ്ങുന്ന നന്ദു, കുട്ടികളെ വശീകരിച്ച് ആദ്യം സൗജന്യമായി കഞ്ചാവ് വലിക്കുന്നതിന് നൽകി വശത്താക്കിയശേഷം ഉപഭോക്താക്കളും കാരിയർമാരുമാക്കുകയായിരുന്നു. ഒരു പൊതിക്ക് 500,1000 രൂപയാണ് നിരക്ക്. ഒരാഴ്ച മുൻപ് സംശയകരമായ സാഹചര്യത്തിൽ കണ്ട നന്ദുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പാലാ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പാലാ എക്‌സൈസ് റേഞ്ച് പരിധിയിലെ എല്ലാ സ്‌കൂളുകളിലും കോളേജുകളിലും ഓരോ എക്‌സൈസ് ഉദ്യോഗസ്ഥരെ വീതം നിയോഗിച്ചു 'ഓപ്പറേഷൻ കിടു ' വ്യാപകമാക്കിയിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. എസ്. അനിൽകുമാർ, പ്രിവന്റിവ് ഓഫീസർമാരായ അനീഷ് കുമാർ. കെ.വി. ബാബു മാത്യു സിവിൽ എക്‌സൈസ് ഓഫീസർമാരായ അഭിലാഷ് സി.എ, എബി ചെറിയാൻ, അഭിലാഷ് എം.ജി ,നന്ദു .എം. എൻ, മിഥുൻ മാത്യു, ജിമ്മി ജോസ്,ജോബി അഗസ്റ്റിൻ, അമൽ ഷാ മാഹിൻ കുട്ടി,വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ സജനി. ഒ.എൻ, ജയപ്രഭ .എം.വി എന്നിവരാണ് ടീമിലുള്ളത്.