കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ പ്രോ വൈസ് ചാൻസലറായി പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും സർവകലാശാല പരിസ്ഥിതി പഠനവകുപ്പിലെ അദ്ധ്യാപകനുമായ പ്രൊഫ. സി.ടി. അരവിന്ദകുമാർ നിയമിതനായി.

ശാസ്താംകോട്ട സ്വദേശിയായ അരവിന്ദകുമാർ 2017 ജൂലായിൽ നടന്ന ഇന്ത്യയുടെ ആർട്ടിക് പര്യവേഷണ സംഘത്തിന്റെ തലവനായിരുന്നു. നിലവിൽ സർവകലാശാല ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെയും അന്തർ സർവകലാശാല ഇൻസ്ട്രുമെന്റേഷൻ സെന്ററിന്റെയും ഡയറക്ടറും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സെയ്ഫ് സെന്ററിന്റെ കോ ഓർഡിനേറ്ററുമാണ്.

എം.ജി.യിൽ 26 വർഷമായി അദ്ധ്യാപകനാണ്. അമേരിക്കയടക്കം 14 രാജ്യങ്ങളിലെ പ്രശസ്ത സർവകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും വിസിറ്റിംഗ് പ്രൊഫസറാണ്.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ 2019ലെ ലീപ് പ്രോഗ്രാമും യൂറോപ്യൻ യൂണിയന്റെ 2019ലെ ഇറാസ്മസ് ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി പതിമൂന്നിലധികം പ്രശസ്ത ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത ഗവേഷണ സംരംഭങ്ങൾ നടത്തുന്നുണ്ട്. ഒബാമ സിംഗ് നോളേജ് ഇനീഷ്യേറ്റീവ് അടക്കം പതിനഞ്ച് രാജ്യാന്തര ഗവേഷണ പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്.

എം.ജി. സർവകലാശാല പരിസ്ഥിതി പഠന സുസ്ഥിര വികസന അന്തർസർവകലാശാല സെന്ററിലെ റിസർച്ച് സയന്റിസ്റ്റായ ഡോ. ഉഷ അരവിന്ദാണ് ഭാര്യ. എം.ബി.ബി.എസ്. വിദ്യാർത്ഥിയായ മനു അരവിന്ദാണ് മകൻ.

മഹാത്മാ ഗാന്ധി സർവകലാശാല കാമ്പസിൽ നിന്നുള്ള അദ്ധ്യാപകർ ഒരേസമയം ഒരു സർവകലാശാലയുടെ വൈസ് ചാൻസലറും പ്രോ വൈസ് ചാൻസലറുമാവുന്നത് ഇതാദ്യമാണ്.