പാലാ : കെ.എസ്.ആർ.ടി സി പാലാ ഡിപ്പോയിൽ ടയർ ക്ഷാമം രൂക്ഷം. ഇന്നലെ മാത്രം 16 ബസുകൾ കട്ടപ്പുറത്തായി. ആകെയുള്ള 102 ബസുകളിൽ 86 എണ്ണമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇവയിൽ 16 എണ്ണമാണ് ടയർ ഇല്ലാത്തതിനാൽ സർവീസ് നിറുത്തിവച്ചത്.
12 ഓർഡിനറി ബസുകളും 4 ഫാസ്റ്റ് പാസഞ്ചറുകളും ഇതിൽ ഉൾപ്പെടും.
കളക്ഷൻ കൂടുതലുള്ളതും ഗ്രാമീണ മേഖലകളിലൂടെ സഞ്ചരിക്കുന്നതുമായ ബസുകളുടെ സർവീസ് മുടങ്ങിയത് യാത്രക്കാരെയും ദുരിതത്തിലാഴ്ത്തി. ഏറ്റവും ഗതികേടിലായത് കൺസെഷനുള്ള വിദ്യാർത്ഥികളാണ്. മൂന്നുമാസത്തേക്കുള്ള തുക മുൻകൂർ അടച്ച ശേഷമാണ് കൺസെഷൻ ടിക്കറ്റ് ലഭിച്ചത്. ഓർഡിനറി ബസുകൾ നിലച്ചതോടെ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ. സ്ഥിരം യാത്രക്കാരായ നിരവധി സർക്കാർ ജീവനക്കാരും സ്വകാര്യമേഖലയിലെ മറ്റ് ജീവനക്കാരും ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയെ ആണ് ആശ്രയിക്കുന്നത്. ഇവ നിലച്ചതോടെ ഇത്തരം ജോലിക്കാരുടെ അവസ്ഥയും വിഭിന്നമല്ല.
ഗ്രാമപ്രദേശങ്ങളിലൂടെ സർവീസ് നടത്തിക്കൊണ്ടിരുന്ന യന്ത്രത്തകരാറില്ലാത്ത ചില ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ ടയർ ഊരിയെടുത്ത് മാറ്റിയിട്ടാണ് ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിക്കുന്നത്. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ബി.എം.എസ് സമരത്തിനുള്ള തയ്യാറെടുപ്പിലാണ്.
സർവീസ് മുടങ്ങിയ റൂട്ട്
പാലാ - അയർക്കുന്നം കോട്ടയം ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയിലെ ആറിൽ 4 എണ്ണത്തിന്റെ സർവീസ് നിലച്ചു. പാലാ - പൊൻകുന്നം ചെയിൻ സർവീസ് നിറുത്തലാക്കിയശേഷം ആരംഭിച്ച പാലാ - മുണ്ടക്കയം ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളിൽ 5 എണ്ണത്തിൽ ഒരെണ്ണം മാത്രമാണ് ഓടിയത്. വൈക്കം സർവീസ് നടത്തുന്ന നാലിൽ 2 എണ്ണം മാത്രമാണ് ഓടിയത്. പാലാ ഡിപ്പോയിൽ നിന്ന് ശാന്തമ്പാറയിലെ
ത്തി തിരികെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്ന സർവീസും മുടങ്ങി. തൊടുപുഴ - കോട്ടയം ചെയിൻ സർവീസ് നടത്തുന്ന 16 ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ 12 എണ്ണമാണ് ഓടിയത്.
ആകെയുള്ള ബസുകൾ : 102
നിലവിൽ സർവീസ് നടത്തുന്നത് : 86
ഇന്നലെ മുടങ്ങിയത് : 12 ഓർഡിനറി, 4 ഫാസ്റ്റ്