പാലാ : നഗരം സൗന്ദര്യവത്ക്കരിക്കാൻ പാലാ നഗരസഭ എന്തെങ്കിലുമൊക്കെ ചെയ്താൽ അവരെ കുറ്റം പറയാനാവില്ല; എന്നാൽ ഈ ജോലി കുടിവെള്ളമെത്തിക്കുന്ന വാട്ടർഅതോറിറ്റി ചെയ്താലോ? നഗരസൗന്ദര്യവൽക്കരണത്തിന് അനാസ്ഥയുടെ ജലധാര ഒരുക്കുകയാണ് പാലാ വാട്ടർ അതോറിറ്റി. പാലാ പൊൻകുന്നം ഭാഗത്തേക്കുള്ള വലിയപാലത്തിലൂടെ കടന്നു പോവുന്ന വഴിയാത്രക്കാർ സൂക്ഷിച്ചാൽ ജലധാരയുടെ ഇടയിൽപ്പെടാതെ പോകാം. ഗ്ലാസിടാതെ വരുന്ന കാർ യാത്രക്കാരും ബൈക്ക് യാത്രക്കാരും ജലാഭിഷേകം ശരിക്കും അറിഞ്ഞാണ് പോകുന്നത്.
വലിയ പാലത്തിലൂടെ പൈപ്പ് ലൈൻ കടന്നു പോകുന്ന ഭാഗങ്ങളിൽ ഏതെങ്കിലും ഒരു ഭാഗത്ത് നിന്ന് ആഴ്ചയിൽ ഒരിക്കൽ പൈപ്പ് പൊട്ടലും ജലധാരയും പതിവായിരിക്കുകയാണ്. കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്ന് കുടിവെള്ളം ഇല്ലാതെ ബുദ്ധിമുട്ടുന്ന ജനം തുടർച്ചയായി പറഞ്ഞിട്ടും ജലസേചന വിഭാഗം സൗന്ദര്യ വത്ക്കരണത്തിരക്കിലാണ്. ഇതിനെതിരെ പാലാ നഗരസഭാധികൃതർ തന്നെ രംഗത്തു വന്നിരിക്കുകയാണ്. വാട്ടർ അതോറിറ്റി ഉന്നതാധികാരികൾക്ക് 'ജലധാര ' യുടെ ചിത്രം സഹിതം പരാതി നൽകുമെന്ന് നഗരസഭ ചെയർപേഴ്‌സൺ ബിജി ജോജോ പറഞ്ഞു.