പാലാ: '2003 മേയ് മാസത്തിലെ ഒരു സന്ധ്യ. മദ്രാസിൽ നിന്ന് കൊൽക്കത്തയ്ക്ക് വിമാനം പറത്തുകയാണ് ഞാൻ. കൊൽക്കത്തയ്ക്ക് അടുത്തെത്തിയപ്പോഴെ കാലാവസ്ഥ മാറി. കനത്ത ഇടിയും മഴയും. അന്തരീക്ഷത്തിൽ അത്യപൂർവമായുണ്ടാകുന്ന പൊങ്ങിയും താഴ്ന്നും വീശുന്ന, കിലോമീറ്ററുകൾ വ്യാപ്തിയുള്ള പ്രത്യേക തരം ചുഴലിക്കൊടുങ്കാറ്റിൽപ്പെട്ട വിമാനം ആടി ഉലയാൻ തുടങ്ങി. വിമാനത്തിനുള്ളിൽ യാത്രക്കാരുടെ നിലവിളി ഉയർന്നു. അയ്യായിരം അടി താഴേയ്ക്ക് പതിച്ച വിമാനം ഉയർന്ന കാറ്റിൽ വീണ്ടും ആറായിരം അടി മുകളിലേക്ക്. ഞാനും കോ-പൈലറ്റും ആവുന്നത്ര ശ്രമിച്ചിട്ടും വിമാനം നിയന്ത്രിക്കാൻ പറ്റുന്നില്ല. സർവ ദൈവങ്ങളെയും വിളിച്ചു പോയി. ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നെങ്കിലും അവസാന ശ്രമമെന്ന നിലയിൽ വിമാനത്തെ വെട്ടിത്തിരിച്ചു. ഭാഗ്യം 6 മിനിട്ടിനുള്ളിൽ കൊടുങ്കാറ്റിനുള്ളിൽ നിന്നും ഒരു വിധം പുറത്തു കടന്നു. മരണത്തെ അന്ന് മുഖാമുഖം കണ്ടു. ഇപ്പോഴുമിത് ഓർക്കുമ്പോൾ പോലും നടുക്കം '
മനസ്സിന്റെ കോക്പിറ്റ് തുറന്ന് ഭീതിയുടെ ആകാശാനുഭവങ്ങൾ പ്രമുഖ വൈമാനികൻ മാത്യു ജോർജ് വിവരിക്കുമ്പോൾ അപകടം മനസ്സിൽ കണ്ടു തന്നെ കിടുങ്ങിപ്പോയി ശ്രോതാക്കളും.
പാലാ സഫലം 55 പ്ലസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു കൊണ്ടാണ് കാൽ നൂറ്റാണ്ടു നീണ്ട തന്റെ ആകാശയാത്രയുടെ അനുഭവങ്ങൾ മാത്യു ജോർജ് പങ്കുവെച്ചത്.
കൂറ്റൻ ജംബോ ജറ്റുകൾ ഉൾപ്പെടെ ബോയിംഗ് വിമാനങ്ങൾ പതിനേഴായിരത്തോളം മണിക്കൂർ പറത്തിയിട്ടുള്ള ഇന്ത്യയിലെ തന്നെ സീനിയർ പൈലറ്റുമാരിൽ ഒരാളാണ് ഇദ്ദേഹം.
2001ലെ വേൾഡ് ട്രേഡ് സെന്ററിലെ വിമാന ആക്രമണം നടന്ന കാലം. ദില്ലിയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള ഫ്‌ളൈറ്റ് പറത്തുകയാണ് മാത്യു. വളരെ ഉയരത്തിൽ ചെന്നതോടെ കോ പൈലറ്റ് ഇരുന്നതിനടുത്തുള്ള ജനാലയിൽ തീപ്പൊരി ചിതറുന്നു. മറ്റൊരു ഭീകരാക്രമണമാണ് എന്നോർത്താവാം യാത്രക്കാർ നിലവിളി തുടങ്ങി. മർദ്ദം തീരെ കുറഞ്ഞത് ക്രമീകരിക്കാൻ ശ്രമിച്ചതോടെയാണ് ജനാലയിൽ നിന്ന് തീപ്പൊരി ചിതറിയത്. ആകെ ബഹളം. അന്ന് ഹൈദ്രാബാദ് എയർ പോർട്ടിൽ അടിയന്തര ലാൻഡിംഗ് വേണ്ടി വന്നതാണ് തന്റെ വൈമാനിക ജീവിതത്തിലെ മറ്റൊരു പ്രധാന സംഭവമെന്നും മാത്യു ജോർജ് ചൂണ്ടിക്കാട്ടി.
എല്ലാവരും പറയും വിമാനത്തിന്റെ ലാൻഡിംഗ് ആണ് സൂക്ഷിക്കേണ്ടതെന്ന്, എന്നാൽ ഒരു പൈലറ്റിനെ സംബന്ധിച്ചിടത്തോളം ടേക്ക് ഓഫ് തന്നെയാണ് വെല്ലുവിളിയെന്ന് ചൂണ്ടിക്കാട്ടിയ മാത്യു, സാങ്കേതിക തകരാറിനേക്കാൾ കൂടുതലായി മനുഷ്യർക്കുണ്ടാകുന്ന പിഴവുകളാണ് വിമാനാപകടങ്ങൾക്കു കാരണമെന്നും ഉദാഹരണ സഹിതം വിശദീകരിച്ചു.
ജെറ്റ് എയർവെയ്‌സിൽ നിന്ന് ചീഫ് പൈലറ്റായി വിരമിച്ച മാത്യു ബാംഗ്ലൂരിൽ സ്ഥിരതാമസമാണ്. കോട്ടയം പാമ്പാടി പൂവക്കാട്ട് കുടുംബാംഗമാണ്. നാൻസി ഭാര്യ. മിഷേൽ, കെവിൻ എന്നിവർ മക്കൾ.
സഫലം ഹാളിൽ ചേർന്ന പ്രഭാഷണ സമ്മേളനത്തിൽ ഡോ. സി. എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ.രാജു. ഡി. കൃഷ്ണപുരം, വി.എം. അബ്ദുള്ളാ ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.