കുറവിലങ്ങാട് : ഇനി ആരോടാണ് പറയേണ്ടത്, ആകെയുണ്ടായിരുന്ന സ്വകാര്യബസും നിറുത്തലാക്കി. ഇനിയെങ്കിലും ഒന്ന് നന്നാക്കുമോ...തകർന്ന് തരിപ്പണമായ കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ ഇലയ്ക്കാട് - ആലയ്ക്കാപിള്ളി റോഡിനെ ആശ്രയിക്കുന്നവർ വിലപിക്കുന്നത് ഇത് മാത്രമാണ്. എന്നിട്ടും അധികൃതർ നിസംഗഭാവം വെടിഞ്ഞിട്ടില്ല. കുഴികൾ വെട്ടിച്ച് പോകുന്ന ഇരുചക്രവാഹനങ്ങളുടെ യാത്ര കണ്ടാൽ പേടി തോന്നും. കാൽനടയാത്രക്കാർക്കാകട്ടെ ഏതുനിമിഷവും വാഹനങ്ങൾ തങ്ങളുടെ മേലേക്ക് കയറുമെന്ന ഭീതിയും.
റോഡ് പൂർണമായും തകർന്നിട്ട് രണ്ട് വർഷത്തിലേറെയായി. മെറ്റലും മണ്ണും മാറി പലയിടത്തും കുഴിയാണ്. നിലവിലുണ്ടായിരുന്ന സ്വകാര്യ ബസ് സർവീസും കൂടി മുടങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ് പ്രദേശവാസികൾ. അദ്ധ്യയന വർഷം ആരംഭിച്ചപ്പോൾ തന്നെ ബസ് സർവീസ് ഇല്ലാതായത് വിദ്യാർത്ഥികളെയാണ് ഏറെ വലയ്ക്കുന്നത്. കുണുക്കുംപാറ , ഇലയ്ക്കാട്, മടയകുന്ന് പ്രദേശത്തുള്ളവർക്ക് വിവിധ ഇടങ്ങളിലേക്ക് പോകാൻ രണ്ട് കിലോമീറ്ററിലധികം കാൽനടയായോ, ഓട്ടോറിക്ഷയെയോ ആശ്രയിച്ച് വളകുഴി, നെല്ലിക്കുന്ന് , മടയകുന്ന് എന്നിവിടങ്ങളിൽ എത്തിയാലേ ബസ് ലഭിക്കൂ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 50-60 രൂപ മുടക്കി ഒാട്ടോറിക്ഷയെ ആശ്രയിക്കുക അപ്രാപ്യമാണ്. കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയെങ്കിലും നടപടിയായില്ല.
" ആകെയുള്ള ബസ് മുടങ്ങിയതോടെ ഏറെ ദുരിതമാണ്. 10 രൂപയ്ക്ക് പകരം 100 രൂപ മുടക്കേണ്ട സ്ഥിതിയാണ്. റോഡ് മോശമായതിനാൽ ഒാട്ടോക്കാരും വരാതായി.
സരോജിനി, പ്രദേശവാസി
" തകർന്ന റോഡിൽ സർവീസ് നടത്തുന്നത് മൂലം ബസിന്റെ ടയറിനും പ്ലാറ്റ്ഫോമിനും കേടുപാടാണ്. പ്രദേശവാസികളെ ബുദ്ധിമുട്ടിക്കാതെ ബസിന്റെ പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻ സർവീസ് പുനഃരാരംഭിക്കും.
ജോസഫ്, സ്വകാര്യ ബസ് ഉടമ
ദുരിതത്തിലായത്
കുണുക്കുംപാറ , ഇലയ്ക്കാട്, മടയകുന്ന് നിവാസികൾ