കോട്ടയം: പാലായിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ കേരളാകോൺഗ്രസിലെ പിളർപ്പ് ബാധിക്കരുതെന്ന് യു.ഡി.എഫ് ജില്ലാ കൺവെൻഷൻ മുന്നറിയിപ്പ് നൽകി.
പടലപിണക്കങ്ങൾ ബാധിക്കാതെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ഉന്നത കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗം ആവശ്യപ്പെട്ടു. പാലാ ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. വോട്ടർ പട്ടികയിൽ പുതിയ പേര് ചേർക്കുന്നതിനൊപ്പം കൂട്ടമായി യു.ഡിഎഫ് വോട്ടുകൾ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. യു.ഡി.എഫി.ന്റെ വിപുലമായ യോഗം അടുത്ത മാസം പാലായിൽ നടത്താനും തീരുമാനിച്ചു.
ലോക് സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് പാലാ നിയമസഭാ മണ്ഡലത്തിൽ 34000 വോട്ടോളം ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇത് ഉയർത്താനാണ് ശ്രമിക്കേണ്ടത്. വോട്ടു കുറയ്ക്കാനുള്ള ശ്രമം ഉണ്ടാകരുതെന്ന് കോൺഗ്രസ് നേതാക്കൾ ജോസ് -ജോസഫ് വിഭാഗം പ്രതിനിധികളോട് ആവശ്യപ്പെട്ടു.ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാലായിലെ യു.ഡി.എഫ് നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട കോൺഗ്രസ് -കേരള കോൺഗ്രസ് തർക്ക പ്രശ്നങ്ങൾ ചർച്ചക്കു വന്നില്ല. യോഗത്തിൽ ജോസ് -ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് ജോസ് കെ മാണി ,ഇ.ജെ.അഗസ്തി, സണ്ണി തെക്കേടം, , മോൻസ് ജോസഫ് , ജോയ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. ഇരു വിഭാഗം നേതാക്കളും യോഗത്തിൽ പരസ്പരം ആശയ വിനിമയത്തിന് തയ്യാറായില്ല. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസി സെബാസ്റ്റ്യൻ , ജോസഫ് വാഴയ്ക്കൻ ,കുര്യൻ ജോയി പി.എ.സലീം, ടോമികല്ലാനി, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, ടി.ആർ.രഘുനാഥ് തുടങ്ങിയവർ സംബന്ധിച്ചു.