പാലാ : കിടങ്ങൂരിൽ തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയതായി പരാതി. കിടങ്ങൂർ ക്ഷേത്രത്തിന് പിൻവശത്ത് കോവിൽപ്പാടം പാടശേഖരത്തിൽ നിന്നു മീനച്ചിലാറ്റിലേക്ക് ഒഴുകുന്ന കൈത്തോട്ടിലേക്കാണ് മാലിന്യം തള്ളിയിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രിയാണ് വൻതോതിൽ കക്കൂസ് മാലിന്യം വാഹനത്തിൽ എത്തിച്ച് തള്ളിയതായി നാട്ടുകാർ കണ്ടെത്തിയത്. തോട്ടിൽ ചെറിയ ഒഴുക്കുള്ളതിനാൽ വിസർജ്ജ്യങ്ങൾ മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തുകയാണ്. ക്ഷേത്ര കടവ് ഉൾപ്പെടെ നാട്ടുകാർ കുളിക്കാനും വസ്ത്രം കഴുകാനും ഉപയോഗിക്കുന്ന കടവുകൾക്ക് സമീപമാണ് മാലിന്യം ഒഴുകിയെത്തുന്നത്. കുടിവെള്ള പദ്ധതികളും ചെക്ക് ഡാമും ഇതിന് സമീപമാണ്. മീനച്ചിൽ നദീ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു.