കോട്ടയം : തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലേക്ക് (മോർക്കാട്) നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചതോടെ ഭരണസമിതിയിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായി. ആകെയുള്ള 18 വാർഡുകളിൽ എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾക്ക് 9 സീറ്റായി.
2015 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം 10- 8 എന്ന കക്ഷിനിലയിൽ ഇടതുമുന്നണിക്കാണ് ഭരണം. പിന്നീട് ഒന്നാം വാർഡ് അംഗം (എൽ.ഡി.എഫ്) രാജിവച്ചതോടെ കക്ഷിനില 9 -8 എന്നായി. കഴിഞ്ഞതവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട യു.ഡി.എഫ് ഉപതിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവന്നതോടെ കക്ഷിനില 9-9 എന്ന മാജിക് സംഖ്യയിലെത്തുകയായിരുന്നു. 2015ൽ വെറും 9 വോട്ടിന്റെ വ്യത്യാസത്തിൽ എൻ.ഡി.എ (ബി.ഡി.ജെ.എസ്) സ്ഥാനാർത്ഥിയെ രണ്ടാം സ്ഥാനത്തോക്ക് പിന്തള്ളിയാണ് സി.പി.എം വിജയിച്ചത്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ മത്സരിച്ചില്ല. എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾ നേരിട്ട് ഏറ്റുമുട്ടിയപ്പോൾ കോൺഗ്രസിലെ മായ മുരളി സി.പി.എമ്മിന്റെ രജനി സന്തോഷിനെ 315 വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 1079 ൽ മായ മുരളിക്ക് 697വോട്ടും രജനി സന്തോഷിന് 382 വോട്ടുമാണ് ലഭിച്ചത്. 2010 ലും 2015 ലും മോർക്കാട് വാർഡ് ഇടതുമുന്നണിയെ ആണ് പിന്തുണച്ചത്. ഉപതിരഞ്ഞെടുപ്പ് നടന്ന പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് കിടങ്ങൂർ വാർഡിൽ ഇടതുമുന്നണിയുടെ സീറ്റ് യു.ഡി.എഫും എലിക്കുളം ഡിവിഷനിൽ യു.ഡി.എഫിന്റെ സീറ്റ്
ഇടതുമുന്നണിയും പിടിച്ചെടുത്തു.