വൈക്കം: തീർത്ഥാടന കേന്ദ്രമായ ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ മാർ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിന് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേൻ കൊടിയേറ്റി. വികാരി ഫാ. ആന്റണി പരവര, സഹവികാരി ഫാ. ജോസ് കാരാച്ചിറ, ഫാ. ജേക്കബ് പുത്തൻപുരയിൽ എന്നിവർ സഹകാർമ്മികരായി. കൊടിക്കൂറ പ്രദക്ഷിണമായി കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചാണ് കൊടിയേറ്റ് ചടങ്ങ് നടത്തിയത്. ട്രസ്റ്റിമാരായ സെബാസ്റ്റ്യൻ വട്ടക്കാട്ടിൽ, ജയൻ കോലഞ്ചേരി, വൈസ് ചെയർമാൻ എൻ. സി. തോമസ്, തിരുനാൾ കൺവീനർമാരായ പോൾ തോമസ്, സിബിച്ചൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.
ഇന്ന് പൂർവ്വിക അനുസ്മരണ ദിനമായി ആചരിക്കും. വൈകിട്ട് 5.30 ന് മരിച്ചവർക്കുവേണ്ടിയുള്ള റാസ, കുർബാന എന്നിവ നടക്കും.നാളെ ആരാധന ദിനമായി ആചരിക്കും. വൈകിട്ട് 5.30 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഫാ. വർഗ്ഗീസ് പൊട്ടയ്ക്കൽ മുഖ്യകാർമ്മികനാകും. ജൂലൈ 1 ന് വാഴ്ച ദിനമായി ആചരിക്കും. രാവിലെ നടക്കുന്ന പാട്ടുകുർബാനയ്ക്ക് ഫാ. സേവ്യർ ആവള്ളിൽ മുഖ്യകാർമ്മികനാകും. തുടർന്ന് സ്‌നേഹവിരുന്ന്. 2 ന് വേസ്പര, വൈകിട്ട് 5 ന് നടക്കുന്ന പാട്ടുകുർബാനയ്ക്ക് ഫാ. ജേക്കബ് പുതുശ്ശേരി, ഫാ. ഡായി ചെങ്ങളത്ത് എന്നിവർ മുഖ്യകാർമ്മികനാകും. തുടർന്ന് പ്രദക്ഷിണം നടത്തും. 3 ന് ദുക്‌റാന തിരുനാൾ ആഘോഷിക്കും. രാവിലെ 10.30 ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികനാകും. തുടർന്ന് പള്ളിയുടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പ്രദക്ഷിണം നടത്തും.