തലയോലപ്പറമ്പ്: യുവതിയേയും രണ്ടര വയസുള്ള കുഞ്ഞിനേയും കാണാതായതായി പരാതി. മറവൻതുരുത്ത് സ്വദേശിനിയായ 30 കാരിയേയും രണ്ടര വയസുള്ള കുഞ്ഞിനേയും യുവതിയുടെ പൊട്ടൻ ചിറയിലെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെ മുതലാണ് കാണാതായത്. യുവതിയുടെ ഭർത്താവ് തൃശൂർ എ ആർ ക്യാമ്പിലെ പൊലിസുകാരനാണ്. യുവതി ആഭരണങ്ങളും ഫോണും വീട്ടിൽ ഉപേക്ഷിച്ചാണ് കുഞ്ഞുമായി വീട് വിട്ടിറങ്ങിയത്. യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്ന് തലയോലപ്പറമ്പ് എസ് എച്ച് ഒ ക്ലീറ്റസ്.കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയും കുഞ്ഞും പുഴയിൽ ചാടിയിട്ടുണ്ടാകുമെന്ന അഭ്യൂഹം പരന്നതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് കോട്ടയത്ത് നിന്നും എത്തിയ ഡോഗ് സ്‌ക്വാഡ് വീടും പരിസരവും പരിശോധിച്ചു. യുവതിയും കുഞ്ഞും പൊട്ടൻചിറ ബസ് സ്റ്റോപ്പിൽ നിന്നും ബസ് കയറി പോയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്.