mathil

വെച്ചൂർ : പുത്തൻകായലിന് സമീപം സ്വകാര്യ ഭൂമിയുടെ വൻമതിൽ നാട്ടുകാർക്ക് ഭീഷണിയാകുന്നു.

താന്നിക്കൽ ജെട്ടിക്ക് തെക്ക് ഭാഗത്തുള്ള വിശാലമായ പുരയിടത്തിന്റെ മതിലാണ് പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുന്നത്. പതിനഞ്ചടിയോളം ഉയരമുണ്ട് മതിലിന്. പത്ത് വർഷം മുൻപാണ് മതിൽ നിർമ്മിച്ചത്. സിനിമാ വ്യവസായവുമായി ബന്ധമുള്ളയാളാണ് ഉടമ. സിനിമ ചിത്രീകരണത്തിനായി വേണ്ടത്ര ഉറപ്പില്ലാതെ പണിത മതിലാണിതെന്നാണ് പറയപ്പെടുന്നത്. സിമെന്റിൽ നിർമ്മിച്ച മതിലിന് മുകളിൽ ലോഹഷീറ്റും സ്ഥാപിച്ചിട്ടുണ്ട്. അടുത്തകാലത്തായി മതിൽ പലഭാഗത്തും മറിഞ്ഞു വീഴുകയാണ്. എട്ട് വീടുകൾ ഇതിന് ചുറ്റുമായി തന്നെയുണ്ട്. ബാക്കിയുള്ള ഭാഗങ്ങൾ ഏതു നിമിഷവും മറിഞ്ഞു വീഴും എന്ന അവസ്ഥയിലാണ്. മാടക്കാട്ട് ക്ഷേത്രവും സമീപത്താണ്. ഏറെയകലെയല്ലാതെ ഗോവിന്ദപുരം ക്ഷേത്രവുമുണ്ട്. ക്ഷേത്രത്തിലേക്ക് പോകുന്നതിനും വിനോദ സഞ്ചാരികൾ കായൽ യാത്രക്കായി താന്നിക്കൽ ജെട്ടിയിലേക്ക് പോകുന്നതിനും ഉപയോഗിക്കുന്ന വഴിയും മതിലിനോട് ചേർന്നാണ്. ദുർബലമായി പണിത മതിലിന് കായലിൽ നിന്നുള്ള കാറ്റിനെ അതിജീവിക്കാൻ കഴിയാത്തതാണ് മറിഞ്ഞു വീഴാൻ കാരണം. മഴക്കാലമായതോടെ ഏതു നിമിഷവും മതിൽ മറിഞ്ഞ് വീഴും എന്ന ഭീതിയിലാണ് പ്രദേശ വാസികൾ. എത്രയും വേഗം മതിൽ നീക്കം ചെയ്യണം എന്ന ആവശ്യം ശക്തമാണ്. മതിൽക്കെട്ടിനകത്ത് പുറമ്പോക്ക് ഭൂമിയുള്ളതായും ആരോപണമുയർന്നിരുന്നു. മാത്രമല്ല പുരയിടത്തിലെ തോടുകൾ നികത്തിയതിനാൽ മാടക്കാട്ട് ക്ഷേത്രത്തിലും പരിസരത്തും മഴ പെയ്യുമ്പോൾ വെള്ളം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാതെ പ്രദേശത്താകെ വീടുകൾ വെള്ളത്തിലാകുന്നുവെന്നും പരാതിയുണ്ട്.

പതിനഞ്ചടിയോളം ഉയരമുണ്ട്

പത്ത് വർഷം മുൻപാണ് മതിൽ നിർമ്മിച്ചത്

സിനിമാ വ്യവസായവുമായി ബന്ധമുള്ളയാളാണ് ഉടമ

സിനിമ ചിത്രീകരണത്തിനായി വേണ്ടത്ര ഉറപ്പില്ലാതെ പണിത മതിലാണ്

മതിൽക്കെട്ടിനകത്ത് പുറമ്പോക്ക് ഭൂമിയാണ് എന്ന ആരോപണം