ganjan
കഞ്ചാവ് ചെടികള്‍ അടിമാലി നര്‍ക്കോട്ടിക് സംഘം കണ്ടെത്തി നശിപ്പിച്ചു

അടിമാലി: നർക്കോട്ടിക് സംഘം മുതിരപ്പുഴയാറിന്റെ തീരത്ത് നിന്ന് എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. രഹസ്യവിവരത്തെ തുടർന്നാണ് പുറമ്പോക്ക് ഭൂമിയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ അടിമാലി നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം കണ്ടെത്തി നശിപ്പിച്ചത്. കുഞ്ചിത്തണ്ണി ബൈസൺവാലി റോഡിൽ കുഞ്ചിത്തണ്ണി പാലത്തിന് സമീപത്തു നിന്ന് 150 മീറ്റർ ദൂരെ മാറിയായിരുന്നു കഞ്ചാവ് ചെടികൾ നിന്നിരുന്നത്. നീലച്ചടയൻ ഇനത്തിൽപ്പെട്ട കഞ്ചാവ് ചെടികൾക്ക് ഏകദേശം രണ്ട് മാസത്തോളം പ്രായമുള്ളതായാണ് വിലയിരുത്തൽ. ഇവിടെ ചെടികളെങ്ങനെ വന്നുവെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഇൻസ്‌പെക്ടർ റോയി ജെയിംസ് പറഞ്ഞു. സ്ഥിരമായി പ്രദേശത്ത് കഞ്ചാവ് ഉപയോഗിച്ച് വരുന്ന ആളുകൾ ആരെങ്കിലും ചെടികൾ നട്ടുവളർത്തിയതാണോയെന്ന് പരിശോധിക്കും. പുഴയിലൂടെ വിത്തൊഴുകിയെത്തോ തീരത്തിരുന്ന് കഞ്ചാവ് ഉപയോഗിച്ചവരുടെ കൈകളിൽ നിന്ന് വിത്ത് വീണ് കിളിർത്തതോ ആകാനുള്ള സാധ്യത നർക്കോട്ടിക് ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.