പീരുമേട്: റിമാൻഡ് പ്രതി സബ് ജയിലിൽ മരിച്ച സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും വാഗമൺ കോലാഹലമേട്ടിലുള്ള മരിച്ച രാജ്കുമാറിന്റെ വീട് സന്ദർശിച്ച ശേഷം ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാൻ നീക്കമുണ്ട്. ജൂൺ 12 മുതൽ 16 വരെ രാജ്കുമാർ നെടുങ്കണ്ടം സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്നെന്ന വിവരം അറിഞ്ഞില്ലെന്ന ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണത്തിൽ ദുരൂഹതയുണ്ട്. നാട്ടുകാർ മർദ്ദിച്ചെന്ന അടിസ്ഥാന രഹിതമായ കാരണങ്ങൾ പറഞ്ഞ് പൊലീസുകാരെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. എ.ഡി.ജി.പിയുടെ അന്വേഷണം തൃപ്തികരമല്ല.
തമിഴ് മാത്രം വായിക്കാനറിയാവുന്ന ഒമ്പതാക്ലാസ് വിദ്യാഭ്യാസമുള്ള രാജ്കുമാർ മൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയെന്ന വാദം അംഗീകരിക്കാനാവില്ല. ഇയാളുടെ പിന്നിൽ ഉന്നതരുണ്ടെന്നാണ് സംശയം. രാജ്കുമാറിന്റെ കുടുംബത്തിന് സർക്കാർ അടിയന്തര സഹായം നൽകണം. രാജ്കുമാറിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകണം. മകന്റെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ഇവർക്ക് വീട് നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൽ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, ഇ.എം. ആഗസ്തി, റോയി കെ. പൗലോസ്, സിറിയക് തോമസ്, ഷാജഹാൻ മഠത്തിൽ, ഷാജി പൈനാടത്ത്, ആലീസ് സണ്ണി, ജ്യോതികുമാർ ചാമക്കാല എന്നിവരും ഒപ്പമുണ്ടായിരുന്നു.