കോട്ടയം : പടിഞ്ഞാറ് പരന്നുകിടക്കുന്ന വേമ്പനാട്ടുകായൽ, കിഴക്ക് മലനിരകൾ, ഇതിനിടയിൽ പച്ചപ്പിന്റെ താലവുമേന്തി നിൽക്കുന്ന കോട്ടയത്തിന് നാളെ 70 തികയുകയാണ്. സപ്തതിയുടെ ആലസ്യത്തിനപ്പുറം പുഴയും കായലും മലനിരകളുമായി പച്ചപ്പിന്റെ മേലങ്കിയണിഞ്ഞ് യൗവ്വനയുക്തയായ നവോഢയെപ്പോലെയാണ് ഇന്നും അക്ഷരനഗരി. റബർപ്പാലിൽ പള്ളികൊള്ളുന്ന ജില്ലയെന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയത്തിന് ചരിത്ര - രാഷ്ട്രീയ- സാംസ്കാരികപരമായി വലിയ പാരമ്പര്യമാണ് അവകാശപ്പെടാനുള്ളത്.
ഇന്ത്യയിലെ ആദ്യ പ്രാദേശിക രാഷ്ട്രീയ കക്ഷിയായ കേരള കോൺഗ്രസ് പിറന്നുവീണത് ഈ മണ്ണിലാണ്. എൻ.എസ്.എസിന്റെയും ഓർത്തഡോക്സ് സഭയുടെയും ആസ്ഥാനം, എഴുത്തുകാരുടെ ലോകത്തിലെ ഏറ്റവും വലിയ സഹകരണസംഘമായ സാഹിത്യപ്രവർത്തക സഹകരണ സംഘം ജന്മമെടുത്തതും ഇവിടെ തന്നെ. കേരളത്തിലെയും, ദക്ഷിണേന്ത്യയിലെയും പ്രഥമ കലാലയമായ സി.എം.എസ് കോളേജും കേരളത്തിൽ ആദ്യ അച്ചടിശാലയായ സി.എം.എസ് പ്രസും, ആദ്യബൈബിളും , കോളേജ് മാഗസിനുമെല്ലാം പിറന്നത് കോട്ടയത്തിന്റെ മണ്ണിലാണ്. ശതാബ്ദി പിന്നിട്ട രണ്ടു പത്രങ്ങളുടെ തറവാട് കൂടിയായ കോട്ടയത്ത് പ്രധാന പത്രങ്ങളെല്ലാം ഇന്ന് അച്ചടിക്കുന്നു. സാധാരണക്കാരുടെ അക്ഷര ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയ 'മ ' പ്രസിദ്ധീകരണങ്ങളുടെ കേന്ദ്രവും ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച നഗരമെന്ന നിലയിൽ കേരളത്തിന്റെ അക്ഷരനഗരവുമാണ്. അയിത്തത്തിനെതിരെ ഗാന്ധിജിയുടെ അനുഗ്രഹാശിസുകളോടെ നടന്ന വൈക്കം സത്യാഗ്രഹം, സഞ്ചാര സ്വാതന്ത്യത്തിനായി നടന്ന തിരുവാർപ്പ് സത്യാഗ്രഹം... ചരിത്രത്താളുകളിൽ കോട്ടയത്തിന് പറയാനേറെയുണ്ട്.
തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം 1880-ൽ ചേർത്തലയിൽ നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയർത്തിയതും ആധുനിക കോട്ടയത്തിന്റെ ശില്പിയായി അറിയപ്പെടുന്നതും ടി.മാധവറാവുവാണ്. തിരുനക്കര ക്ഷേത്രമൈതാനം, പൊലീസ് സ്റ്റേഷൻ, കോടതി, കോട്ടയം പബ്ലിക് ലൈബ്രറി , ജില്ലാ ആശുപത്രി ,കച്ചേരിക്കടവ് ബോട്ട് ജട്ടി ,കെ.കെ.റോഡ് എന്നിവയും ഇദ്ദേഹമാണ് നിർമ്മിച്ചത്. കേരളത്തിലെ ആദ്യ ജലമേളയായ താഴത്തങ്ങാടി വള്ളംകളി ആരംഭിക്കുന്നതിലും പങ്കുണ്ട്. വിദ്യാഭ്യാസരംഗത്ത് ഏറ്റവും മുൻ പന്തിയിലായ കോട്ടയത്ത് ട്രിപ്പിൾ ഐ.ടി, ഐ.ഐ.എം.സി കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റൂട്ടും തലഉയർത്തി നിൽക്കുന്നു.
മതമൈത്രിയുടെ കേന്ദ്രം
കടലില്ലാത്ത കോട്ടയത്ത് തുറമുഖവുമുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉത്പാദിപ്പിക്കുന്ന കോട്ടയത്താണ് റബർബോർഡ് ആസ്ഥാനവും സ്ഥിതി ചെയ്യുന്നത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള സർവകലാശാലയും, വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി, വൈറ്റ് സിമന്റ് ഉത്പാദിപ്പിക്കുന്ന നാട്ടകം സിമന്റ്സും, പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകം , വാഗമൺ അതിർത്തി, തീർത്ഥാടന കേന്ദ്രങ്ങളായ എരുമേലി, ഭരണങ്ങാനം തുടങ്ങിയവയും ഇവിടെതന്നെ. വിവിധ മതവിഭാഗങ്ങൾ ഒരുമയോടെ കഴിയുന്ന കോട്ടയം മതമൈത്രിയുടെ കേന്ദ്രവുമാണ്.
പ്രമുഖരുടെ ജന്മസ്ഥലം
മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ, കെ.പി.എസ് മേനോൻ ,മുൻ മുഖ്യമന്ത്രിമാരായ പി.കെ.വാസുദേവൻ നായർ , ഉമ്മൻചാണ്ടി ,ഏറ്റവും കൂടുതൽ കാലം ജനപ്രതിനിധിയും മന്ത്രിയുമായ കെ.എം.മാണി, എഴുത്തുകാരായ അരുന്ധതി റോയി, ബഷീർ, മുട്ടത്തുവർക്കി,പൊൻകുന്നം വർക്കി, അഭയദേവ് കാരൂർ, ലളിതാംബികഅന്തർജനം ,പാലാ നാരായണൻനായർ , എൻ,എൻ.പിള്ള തുടങ്ങിയ നിര അയ്മനം ജോണിലും , കെ.ആർ.മീരയിലും ആർ.ഉണ്ണിയിലും എത്തി നിൽക്കുന്നു. സിനിമാ താരനിര : മമ്മൂട്ടി, മിസ് കുമാരി, ആദ്യനായിക കമലം, എസ്.പി.പിള്ള , ഗിന്നസ് പക്രു, സംവിധായക നിര അരവിന്ദൻ, ജോൺ എബ്രഹാം, ജയരാജ് , ശശികുമാർ,തുടങ്ങി ന്യൂജെൻ സംവിധായകരായ ദിലീഷ് പോത്തൻ, എബ്രിഡ്ഷൈൻ, പ്രദീപ്, മാർട്ടിൻ പ്രക്കാർട്ട്.
ഇനിയുമുണ്ട് വികസനസ്വപ്നങ്ങൾ
മെട്രോ നഗരമായി കൊച്ചി വളരുമ്പോൾ അടുത്തു കിടക്കുന്ന കോട്ടയം എഴുപതാം വയസിലേക്ക് കടക്കുമ്പോഴും ഒട്ടേറെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കാനുണ്ട്. എരുമേലി വിമാനത്താവളം, ശബരി റെയിൽപ്പാത, കോട്ടയം വഴിയുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കൽ തുടങ്ങിയ പദ്ധതികൾ എങ്ങുമെത്താതെ നിൽക്കുകയാണ്. കോട്ടയം കോർപ്പറേഷൻ മറ്റൊരു സ്വപ്നമാണ്.