കോട്ടയം : പണം തിരിച്ചുകിട്ടാൻ കാലതാമസം നേരിടുന്നതിനെതിരെ കുന്നത്തുകളം നിക്ഷേപത്തട്ടിപ്പിന് ഇരയായവർ പരസ്യപ്രക്ഷോഭത്തിലേക്ക്. ജൂലായ് 24ന് കളക്ടറേറ്റ് മാർച്ച് നടത്താൻ സുവർണ ആഡിറ്റോറിയത്തിൽ ചേർന്ന നിക്ഷേപകരുടെ യോഗം തീരുമാനിച്ചു. കുന്നത്തുകളത്തിൽ ഗ്രൂപ്പിന്റെ ജുവലറികളിൽ നിന്ന് കണ്ടെടുത്ത 110 കിലോഗ്രാം സ്വർണം വിറ്റുകിട്ടിയ 28 കോടിയിൽനിന്ന് 17 കോടിരൂപ ബാങ്ക് വായ്പയിലേക്ക് തിരിച്ചടയ്ക്കാൻ കോട്ടയം സബ് കോടതിവിധി ഉത്തരവായതോടെയാണ് നിക്ഷേപകർ സംഘടിച്ച് തുടർപ്രക്ഷോഭത്തിനൊരുങ്ങുന്നത്.
വായ്പ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എത്രയും വേഗം ബാങ്കിന് പണം നൽകാൻ കോട്ടയം സബ് കോടതി -2 കഴിഞ്ഞദിവസം ഉത്തരവിട്ടത്. വിവാഹം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഏത് സമയത്തും പലിശസഹിതം തിരിച്ചുകിട്ടുമെന്ന ഉറപ്പിന്മേൽ നിക്ഷേപം നടത്തിയ സാധാരണക്കാർ പണത്തിനുവേണ്ടി നെട്ടോട്ടമോടുമ്പോൾ ആസ്തി പണയപ്പെടുത്തി എടുത്തിട്ടുള്ള ബാങ്കുവായ്പ തിരിച്ചടയ്ക്കാൻ തിടുക്കം കാട്ടുന്നത് അനീതിയാണെന്നാണ് നിക്ഷേപകരുടെ നിലപാട്. പണം തിരിച്ചുകിട്ടാൻ നടപടി ആവശ്യപ്പെട്ട് 1100 നിക്ഷേപകർ സംഘമായും, 1600 ൽ അധികംപേർ സ്വന്തം നിലയിലും സമർപ്പിച്ച ഹർജികൾ കോടതിയുടെ പരിഗണനയിലാണ്. മതിയായ ഈടിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച വായ്പ തിരിച്ചുകിട്ടിയില്ലെങ്കിൽ പണയവസ്തു വില്പന നടത്തിയോ ലേലം ചെയ്തോ മുതലും പലിശയും ഈടാക്കാൻ ബാങ്കുകൾക്ക് സാധിക്കും. എന്നാൽ യാതൊരു ഈടുമില്ലാതെ നിക്ഷേപം നടത്തിയ സാധാരണക്കാരുടെ സ്ഥിതി അതല്ല.
ബാങ്ക് വായ്പ അടച്ചുതീർക്കുമ്പോൾ തിരികെ കിട്ടുന്ന ആസ്തി നിലവിലുള്ളതിനോട് ചേർത്ത് വില്പന നടത്തിയാലെ നിക്ഷേപർക്ക് പണം ലഭിക്കൂ. അതിന് ഇനിയും കാലതാമസമുണ്ട്. 2018 ജൂണിലാണ് 136 കോടിയുടെ നിക്ഷേപം സ്വീകരിച്ചശേഷം പണമിടപാട് സ്ഥാപനവും ജുവലറിയും ഉൾപ്പെടെ കുന്നത്തുകളത്തിൽ ഗ്രൂപ്പ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്. കേസിൽ അറസ്റ്റിലായ സ്ഥാപന ഉടമ വിശ്വനാഥൻ പിന്നീട് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തുടർന്ന് കോടതി നിയോഗിച്ച റിസീവറുടെ നേതൃത്വത്തിലാണ് ജുവലറികളിൽ നിന്ന് സ്വർണം കണ്ടെടുത്ത് വില്പന നടത്തി കിട്ടിയ 28 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചത്.