പാലാ: നഗരസഭാ സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ കായികതാരങ്ങളും നടക്കാനെത്തിയ നാട്ടുകാരും മാലിന്യപുക കൊണ്ട് വലഞ്ഞു. ഇതുകാരണം സ്റ്റേഡിയത്തിലെ നാട്ടുകാരുടെ നടപ്പ് ഇന്നലെ വൈകിട്ട് മുടങ്ങി. അടുത്തുള്ള ഒരു വ്യാപാരകേന്ദ്രത്തിന് പിന്നിൽ നിന്ന് പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്ന പുകയാണ് സ്റ്റേഡിയത്തിലേക്ക് വീശിയെത്തിയത്.
ഇക്കാര്യം പറഞ്ഞ് കായിക അദ്ധ്യാപകർ പാലാ നഗരസഭയിൽ പരാതി നൽകിയിലെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. നഗരസഭയിൽ തുക അടച്ചശേഷമാണ് സ്റ്റേഡിയത്തിൽ നടക്കാനും കായിക പരിശീലനത്തിനും അനുമതി നൽകുന്നത്. തുക വാങ്ങിയിട്ടും മാലിന്യപുക ഒഴിവാക്കാനുള്ള നടപടി നഗരസഭ അധികൃതർ എടുക്കാത്തതിൽ കായിക താരങ്ങളും പൊതുജനവും കടുത്ത പ്രതിഷേധത്തിലാണ്.
ഇതേസമയം, ഇതുസംബന്ധിച്ച് നഗരസഭയിൽ പരാതി കിട്ടിയിട്ടുണ്ടെന്നും എത്രയും വേഗം അന്വേഷിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും നഗരസഭ ചെയർപേഴ്‌സൺ ബിജിജോജോ കുടക്കച്ചിറ 'കേരളകൗമുദി ' പറഞ്ഞു.