കോട്ടയം : ആന്തൂരിലെ പ്രവാസി വ്യവസായുടെ ആത്മഹത്യയും, പീരുമേട്ടിലെ റിമാൻഡ് പ്രതിയുടെ മരണവും കേരളത്തിൽ ഇടതുപക്ഷത്തിന്റെ നാശം ഉറപ്പാക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായുള്ള ജില്ലാതല ശില്പശാല റെഡ്യാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുമായി അകലം പാലിക്കുന്ന സാമൂഹിക വിഭാഗങ്ങളേയും , മത ന്യൂനപക്ഷങ്ങളേയും ചേർത്തു നിറുത്താൻ മെമ്പർഷിപ്പ് കാമ്പയിനിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. കേരള രാഷ്ട്രീയത്തിൽ അത് വലിയമാറ്റം സൃഷ്ടിക്കും. ഇടതു - വലതു മുന്നണികളുടെ കേരളത്തിലെ സ്ഥിതി പരിതാപകരമാണ്.

ബി.ജെ.പിയുടെ അംഗത്വവിതരണ സന്ദേശം 'സർവ്വവ്യാപിയും സർവ്വസ്പർശിയും' ആയി എല്ലാ മേഖലയിലും ചലനം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തുതലം മുതലുള്ള ഭാരവാഹികൾ ശില്പശാലയിൽ പങ്കെടുത്തു. ജൂലായ് 6 മുതൽ ആഗസ്റ്റ് 11 വരെയാണ് അംഗത്വ വിതരണം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ.ഹരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ ജി.രാമൻ നായർ , ന്യൂനപക്ഷമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ നോബിൾ മാത്യു , മദ്ധ്യമേഖല അദ്ധ്യക്ഷൻ അഡ്വ.നാരായണൻ നമ്പൂതിരി, മേഖല സംഘടനാ സെക്രട്ടറി കെ.പി.സുരേഷ്, സംസ്ഥാന സമിതി അംഗങ്ങളായ ഏറ്റുമാനൂർ രാധാകൃഷ്ണൻ ,അഡ്വ.എം.എസ്.കരുണാകരൻ, ഫാ.ഗീവർഗീസ്,​ ബി.വിജയകുമാർ , സി.തോമസ് ജോൺ , എം.ബി.രാജഗോപാൽ ,കെ.ജി.രാജ് മോഹൻ, ടി.എൻ.ഹരികുമാർ, കെ.ഗുപ്തൻ,​ എൻ.പി.കൃഷ്ണകുമാർ,​ പി.ആർ മുരളീധരൻ,​ ലിജിൻ ലാൽ , എം.വി.ഉണ്ണികൃഷ്ണൻ,​ സി.എൻ.സുഭാഷ് എന്നിവർ പ്രസംഗിച്ചു.