adimaly-kumaly-road
അടിമാലി കുമളി ദേശിയപാതയില്‍ മില്ലുംപടി മുതല്‍ കത്തിപ്പാറവരെയുള്ള ഭാഗത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.

അടിമാലി: അടിമാലി കുമളി ദേശീയപാതയിൽ മില്ലുംപടി മുതൽ കത്തിപ്പാറവരെയുള്ള ഭാഗത്ത് വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ 200 ഏക്കറിൽ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പ്രദേശത്ത് ഇത് മൂന്നാമത്തെ ജീവനാണ് പൊലിയുന്നത്. 200 ഏക്കറിന് സമീപത്തു തന്നെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചതും മില്ലുംപടിക്ക് സമീപത്ത് മിനിലോറി ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചതുമായിരുന്നു അവസാനം ജീവഹാനിയുണ്ടായ രണ്ട് അപകടങ്ങൾ. അപകടങ്ങൾ ആവർത്തിക്കുമ്പോൾ പ്രദേശത്ത് വേഗനിയന്ത്രണത്തിന് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാതയുടെ മെച്ചപ്പെട്ട നിലവാരത്തോടൊപ്പം നിരന്ന പ്രദേശമായതിനാൽ വാഹനമോടിക്കുന്നവർ അപകടസാധ്യത മുഖവിലയ്‌ക്കെടുക്കാത്തതാണ് അപകടമേറാനുള്ള പ്രധാനകാരണങ്ങളിൽ ഒന്ന്. അപകടസാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകളും വേഗനിയന്ത്രണത്തിന് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കിൽ വീണ്ടും അപകടങ്ങൾ ആവർത്തിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.

കാരണം പലത്

 അമിതവേഗത

 സ്പീഡ് ബ്രേക്കറുകളില്ല

 മുന്നറിയിപ്പ് ബോർഡുകളില്ല