പാലാ: നഗരത്തിൽ വലിയ പാലത്തിനു സമീപമുള്ള കംഫർട്ട് സ്റ്റേഷനിലെ സാമൂഹ്യ വിരുദ്ധ ശല്യത്തെപ്പറ്റി പാലാ നഗരസഭാധികാരികൾ ഇന്നലെ പാലാ പൊലീസിൽ പരാതി നൽകി. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച 'കേരള കൗമുദി ' പ്രസിദ്ധീകരിച്ച 'ചോദിക്കാനും പറയാനും ആരുമില്ല! ' എന്ന വാർത്ത സഹിതമാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളതെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അധികാരികൾ പറഞ്ഞു.

വാർത്ത വന്നയുടൻ ചെയർപേഴ്‌സൺ ബിജി ജോജോ യുടെ നിർദ്ദേശപ്രകാരം ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ രഞ്ജിത്ത് കംഫർട്ട് സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയിരുന്നു. ഇവിടെ പൈപ്പുകളും, കതകുകളും തകർത്തതായി ഹെൽത്ത് ഇൻസ്‌പെക്ടർ കണ്ടെത്തി. ഇലക്ട്രിക്ക് ബൾബുകളും മീറ്ററും വരെ മോഷണം പോയതായും മനസിലായി. കംഫർട്ട് സ്റ്റേഷൻ ആരും ലേലം കൊള്ളാത്തതിനാൽ നാഥനില്ലാത്ത അവസ്ഥയിലാണ്. സാമൂഹ്യ വിരുദ്ധരും അനാശാസ്യക്കാരും രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ ഇവിടെ തമ്പടിക്കുകയായിരുന്നു. ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.

 സാമൂഹ്യ വിരുദ്ധരെ ഉടൻ പിടികൂടും

വലിയ പാലത്തിനു താഴെയുള്ള സാമൂഹ്യ വിരുദ്ധരെ ഉടൻ പിടികൂടും. ഇന്നലെ മുതൽ തുടർച്ചയായി ഇവിടെ പൊലീസ് രാത്രിയിലും പകലും പരിശോധന നടത്തുന്നുണ്ട്. സംശയാസ്പദമായി കണ്ട രണ്ടു പേരെ സ്റ്റേഷനിൽ കൊണ്ടു പോയി ചോദ്യം ചെയ്തു. കംഫർട്ട് സ്റ്റേഷനിൽ അനാശാസ്യത്തിനെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കംഫർട്ട് സ്റ്റേഷനിലെ ബൾബുകളും, മീറ്ററുകളും മോഷ്ടിച്ചവർക്കെതിരെ പ്രത്യേക അന്വേഷണവുമുണ്ടാകും... വി. എ. സുരേഷ്, പാലാ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ