കോട്ടയം: വിനോദയാത്രക്കിടെ ബസിൽ വീണ് പരിക്കേറ്റ് കിടപ്പിലായ അർജുൻ ബൈജുവിന്റെ തുടർചികിത്സയ്ക്ക് റിയാദ് ശ്രീനാരായണ സംഗമം കൂട്ടായ്മ 2.4 ലക്ഷംരൂപയുടെ സഹായം എത്തിച്ചു. 2016ൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അർജുന് പരിക്കേറ്റത്. സ്കൂളിൽ നിന്ന് മൈസൂരിലേക്ക് വിനോദയാത്ര പോയ ബസിൽ വീണായിരുന്നു അപകടം. അതോടെ കൈകാലുകളുടെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ട് കിടപ്പിലായി. തിരുവാർപ്പ് ചാത്തൻകോട് വീട്ടിൽ ബൈജു, പ്രീത ദന്പതികളുടെ രണ്ടുമക്കളിൽ മൂത്ത മകനാണ് അർജുൻ. മാസങ്ങളോളം സ്കൂളിൽ പോകാനാവാതെ പഠനം മുടങ്ങിയിട്ടും രോഗശയ്യയിൽ കിടന്ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ അർജുൻ 74 ശതമാനം മാർക്ക് വാങ്ങി വിജയിക്കുകയും ചെയ്തു. തുടർന്ന് പഠിക്കാനുള്ള അതിയായ ആഗ്രഹം ഉള്ളിലൊതുക്കി കട്ടിലിൽ നിന്ന് എണീക്കാനാവാതെ കഴിയുന്ന അർജുൻ ഏവരുടേയും നൊമ്പരക്കാഴ്ചയാണ്. നിർദ്ദനരായ മാതാപിതാക്കൾ ഇതിനോടകം കടംവാങ്ങിയും നാട്ടുകാരുടെ സാഹായം സ്വീകരിച്ചും ലക്ഷങ്ങൾ ചെലവഴിച്ച് ചികിത്സ നടത്തിയിട്ടും കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. കോട്ടയം മെഡിക്കൽ കോളേജ്, വൈക്കം ഇന്തോ- അമേരിക്കൻ ആശുപത്രി, കൊച്ചി അമൃത, തിരുവനന്തപുരം ശ്രീചിത്ര തുടങ്ങിയ വിവിധ ആശുപത്രികളിൽ ചികിത്സ നടത്തി. വെല്ലൂർ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർമാർ നിർദ്ദേശിച്ച ശസ്ത്രക്രിയയാണ് ഇനിയുള്ള ഏക പ്രതീക്ഷ . ലക്ഷങ്ങൾ ചെലവുവരുന്ന ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കും വേണ്ടി ആകെയുള്ള രണ്ടേകാൽ സെന്റ് സ്ഥലവും അതിലെ കൊച്ചുവീടും വിൽക്കാൻവരെ മാതാപിതാക്കൾ സന്നദ്ധരായി. മൂന്ന് സെന്റുപോലും വിസ്തൃതി ഇല്ലാത്ത സ്ഥലം വാങ്ങാൻ ആരും തയ്യാറാകാത്ത സാഹചര്യത്തിൽ പകച്ചുനിൽക്കുന്ന കുടുംബത്തിന് കൈത്താങ്ങുമായാണ് റിയാദിലെ ശ്രീനാരായണ സംഗമം പ്രവർത്തകർ കഴിഞ്ഞദിവസം എത്തിയത്. തിരുവാർപ്പിലെ വീട്ടിലെത്തിയ ശ്രീനാരായണ സംഗമം പ്രതിനിധികൾ എസ്.എൻ.ഡി.പി യോഗം തിരുവാർപ്പ് ശാഖ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ സാന്നിദ്ധ്യത്തിൽ 244501 രൂപയുടെ ചെക്ക് ബൈജുവിന് കൈമാറി. വെല്ലൂരിൽ ചികിത്സ തുടങ്ങാൻമാത്രം 5 ലക്ഷം രൂപ കരുതണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കും പിന്നെയും ലക്ഷങ്ങൾ വേണ്ടിവരും. ഈ കാര്യത്തിൽ സുമനസുകളിൽ നിന്ന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.