തലയോലപ്പറമ്പ് : പൊട്ടൻചിറയിൽ നിന്ന് കാണാതായ യുവതിയുടെയും രണ്ടുവയസുള്ള മകളുടെയും മൃതദേഹം മൂവാറ്റുപുഴയാറിൽ തലയോലപ്പറമ്പ് വടയാർ ഇളംകാവ് ദേവീ ക്ഷേത്രത്തിനു സമീപം കണ്ടെത്തി. മറവൻതുരുത്ത് ഇടവട്ടം രണ്ടു കണ്ടത്തിൽ ശിവദാസന്റെ മകളും എ.ആർ ക്യാമ്പിലെ പൊലീസുകാരനായ പൊട്ടൻചിറ തുണ്ടത്തിൽ അഭിജിത്തിന്റെ ഭാര്യയുമായ ദീപ (30), മകൾ ദക്ഷ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ പുഴക്കടവിൽ കുളിക്കാനെത്തിയ യുവാവാണ് മൃതദേഹങ്ങൾ കമഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടത്. കുട്ടിയെ യുവതിയുടെ ദേഹത്തോട് ചേർന്ന് ഷാൾ ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
ദീപയെയും കുഞ്ഞിനെയും വെള്ളിയാഴ്ച പുലർച്ചെ മുതലാണ് ഭർതൃ വീട്ടിൽ നിന്ന് കാണാതായത്. ദീപയും ഭർത്താവും വിദേശത്ത് നഴ്സായിരുന്നു. പിന്നീട് പൊലീസിൽ നിയമനം ലഭിച്ച അഭിജിത്ത് തൃപ്പൂണിത്തുറ എ.ആർ ക്യാമ്പിലാണ് ജോലി ചെയ്യുന്നത്. ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. അഭിജിത്ത് മൊബൈലിൽ ചാറ്റ് ചെയ്തതിനെ ചൊല്ലി ഇരുവരും കഴിഞ്ഞ ദിവസം കലഹിച്ചിരുന്നു. അഭിജിത്ത് ജോലിക്ക് പോയ ശേഷം കഴിഞ്ഞ ദിവസം പുലർച്ചെ യുവതി ആഭരണങ്ങളും ഫോണും വീട്ടിൽ ഉപേക്ഷിച്ച ശേഷം കുഞ്ഞുമായി വീടുവിട്ടിറങ്ങുകയായിരുന്നു. പുഴയിൽ ചാടിയിട്ടുണ്ടാകുമെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. രമണിയാണ് ദീപയുടെ മാതാവ്. സഹോദരങ്ങൾ : ദിവ്യ, ദീപ്തി.
വൈക്കം ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിലാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. വൈക്കം തഹസിൽദാർ കെ.എം. നാസർ, എ.സി.പി അരവിന്ദ് സുകുമാർ, തലയോലപ്പറമ്പ് എസ്.എച്ച്.ഒ ക്ലീറ്റസ് കെ. ജോസഫ്, എസ്.ഐ ടി.കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.