അരീക്കര: തിരഞ്ഞെടുപ്പ് പാഠങ്ങൾ പകർന്നു നൽകി അരീക്കര സെന്റ് റോക്കീസ് യു. പി സ്‌കൂളിലെ തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം, നോമിനേഷൻ സമർപ്പിക്കൽ, സൂഷ്മ പരിശോധന, പത്രിക തള്ളൽ, പിൻവലിക്കൽ, അവസാന സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കൽ, പോസ്റ്റർ ഒട്ടിക്കൽ, പരസ്യ പ്രചാരണം, മിറ്റ് ദ കാൻഡിഡേറ്റ് പ്രോഗ്രാം, രഹസ്യ ബാലറ്റിൽ ഇലക്ഷൻ, ബൂത്ത് തിരിച്ച് നാലു റൗണ്ടുകളിൽ വോട്ടെണ്ണൽ, ഓരോ റൗണ്ടുകളിലേയും ലീഡു നില അറിയിക്കൽ, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ എന്നി ജനാധിപത്യ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് നടന്നത്.
സ്‌കൂൾ ലീഡർ, ഡപ്യൂട്ടി ലീഡർ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ നാല് പോസ്റ്റുകളിലേയ്ക്കാണ് ജനാധിപത്യ മാതൃകയിൽ തിരഞ്ഞെടുപ്പ് നടന്നത്. ഫുട്‌ബോൾ സ്‌പോൺസർ ചെയ്യുമെന്നും, സ്‌കൂളും, പരിസരവും എന്നും ശുചിയാക്കുന്നതിന് നേതൃത്വം വഹിക്കുമെന്നും, സ്‌കൂൾ ഡിസിപ്ലിന് പ്രാധാന്യം കൊടുക്കുമെന്നുമൊക്കെ കുട്ടിസ്ഥാനാർത്ഥികൾ വാഗ്ദാനം നൽകി. 200 വോട്ടുകളിൽ 1 വോട്ടിനു ജയിച്ചവരും 100 വോട്ടിന്റെ ലീഡിൽ ജയിച്ചവരും തിരഞ്ഞെടുപ്പ് അവിസ്മരണീയമാക്കി. തിരഞ്ഞെടുപ്പിൽ വിജയിച്ചവർ സ്‌കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.