പാലാ : ഡോക്ടേഴ്‌സ് ദിനാചരണത്തോടനുബന്ധിച്ച് പാലാ ഐ.എം.എ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ, ഡോ. എം.ആർ. രാധാകൃഷ്ണൻ നായർ എന്നിവർക്ക് ജൂലൈ ഒന്നിന് മൂന്നാനി ഐ.എം.എ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും. വിദ്യാഭ്യാസരംഗത്തും കലാസാഹിത്യ രംഗങ്ങളിലുമുള്ള സമഗ്രസേവനം പരിഗണിച്ചാണ് ആർ. രാമചന്ദ്രൻ നായരെ അവാർഡിന് തിരഞ്ഞെടുത്തത്. ഐ.എം.എയുടെ ദീർഘകാല പ്രവർത്തകനും മുൻപ്രസിഡന്റുമാണ് ഡോ. ആർ. രാധാകൃഷ്ണൻ നായർ.
പാലാ ഐ.എം.എ പ്രസിഡന്റ് ഡോ. അലക്‌സ് ബേബി ഓലിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ എം.ജി. സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് അവാർഡ് സമ്മാനിക്കും. ഐ.എം.എ സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്ന ഡോക്ടേഴ്‌സ് ഹെൽത്ത് ആൻഡ് അവയർനസ് പരിപാടിയുടെ ഉദ്ഘാടനവും സമ്മേളനത്തിൽ നടക്കും. മുൻദേശീയ പ്രസിഡന്റ് ഡോ. റോയി കള്ളിവയലിൽ, കെ.ജി.എം.ഒ.യുടെ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. വി.എൻ. രാഘവൻ, ഡോ. ടിജിസ് മാത്യു തോമസ്, ഡോ. ജോർജ് എഫ്. മൂലയിൽ എന്നിവർ പങ്കെടുക്കും.