ഇടുക്കി;പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച രാജ് കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ചതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. നാലുദിവസം അന്യായമായി കസ്റ്റഡിയിൽ വച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളും സ്റ്റേഷനിലെ രേഖകളും മൊഴികളും പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് നിഗമനം.
കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകൾ തുടങ്ങി. ഇന്നലെ സംഘം ആദ്യഘട്ട മൊഴിയെടുപ്പ് പൂർത്തിയാക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ, പീരുമേട് സബ് ജയിൽ, രാജ് കുമാറിന്റെ വാഗമണ്ണിലെ വീട്, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെത്തിയാണ് അന്വേഷണസംഘം പലരിൽ നിന്നും മൊഴിയെടുത്തതും രേഖകൾ പരിശോധിച്ചതും. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമായിരിക്കും ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം സാബു മാത്യുവിന്റെ നേരിട്ടുളള മേൽനോട്ടത്തിലാണിത്.
അതിനിടെ, രാജ് കുമാറിനെ മർദിച്ചത് കൈക്കൂലി കിട്ടാത്തതിനെത്തുടർന്നെന്ന ആരോപണവുമായി കുമാറിന്റെ സ്ഥാപനത്തിൽ നിക്ഷേപകനായ അരുൺ രംഗത്തെത്തി. 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. വീട്ടിൽ പണമുണ്ടോ എന്നറിയാൻ അർദ്ധരാത്രി തെളിവെടുപ്പ് നടത്തിയെന്നും ഭാര്യയുടെ മുന്നിലിട്ട് കുമാറിനെ മർദ്ദിച്ചെന്നും അരുൺ പറഞ്ഞു. തട്ടിപ്പ് അന്വേഷണ വേളയിൽ ഇക്കാര്യം പൊലീസ് പരിശോധിക്കും.
പീരുമേട് സബ് ജയിലിലെ പൊലീസുകാർക്കും പങ്കെന്ന് സൂചന
പീരുമേട് സബ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണങ്ങളിലുള്ള അവ്യക്തത കേസിൽ പീരുമേട് സബ് ജയിൽ പൊലീസിനുള്ള പങ്ക് വ്യക്തമാക്കുന്നു.
18 ന് താലൂക്ക് ആശുപത്രിയിയിൽ എത്തിച്ച രാജ്കുമാർ വാഹനത്തിൽ നിന്ന് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്നും ആംബുലൻസിൽ എത്തി പരിശോധിക്കുകയായിരുന്നെന്നും പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കി. താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അരയ്ക്ക് താഴോട്ട് അസഹനീയ വേദനയാണന്നാണ് രാജ് കുമാർ ഡോക്ടർമാരോട് പറഞ്ഞത്. കാഴ്ചയിൽ കാലുകൾക്ക് നീരുണ്ടായിരുന്നതിനാൽ എക്സ്‌റേ എടുക്കാൻ ഡോക്ടർ നിർദേശിച്ചു. എന്നാൽ നെടുങ്കണ്ടത്ത് നിന്ന് എടുത്ത ഇയാളുടേതെന്ന് പറയപ്പെടുന്ന എക്സറേകളുമായി പൊലീസ് ഡോക്ടറെ സമീപിച്ചെങ്കിലും വീണ്ടും എക്സ്‌റേ എടുക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. എക്സ്‌റേയിൽ പൊട്ടലുകൾ കണ്ടെത്തിയില്ല. എന്നാൽ വേദന തുടർന്ന സാഹചര്യത്തിൽ മരുന്നും ഇംജക്ഷനും നൽകി കുറയാത്ത പക്ഷം മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്യുകയായിരുന്നെന്നും താലൂക്ക് ആശുപത്രിയിൽ ഡൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പറഞ്ഞു. എന്ത് പറ്റിയതാണന്ന് ആവർത്തിച്ച് ചോദിച്ചിട്ടും രാജ് കുമാർ കാലുകൾ വേദനയാണന്ന് മാത്രമാണ് ഡോക്ടർമാരോട് പറഞ്ഞത്. ഇയാൾ മറ്റ് ശാരീരിക അസ്വസ്ഥതകൾ ഉള്ളതായി ഡോക്ടർമാരോട് പറഞ്ഞതുമില്ല.