വൈക്കം: വർഷാഗമനം അറിയിച്ച് ഫോക്‌സ് ടെയിൽ ഓർക്കിഡ് പൂത്തുലഞ്ഞു. ആരുടെയും മനസ്സിനെ ആകർഷിക്കുന്ന വർണ്ണശോഭയോടെ. സഹ്യാദ്രി മലനിരക്കുകളിലെ വൻവൃക്ഷങ്ങളുടെ മുകൾഭാഗത്ത് മാത്രം പറ്റിപ്പിടിച്ച് പൂക്കുന്ന ചെടിയാണ് ഫോക്‌സ് ടെയിൽ ഓർക്കിഡ്. വൈക്കത്ത് താലൂക്ക് എൻ. എസ്. എസ്. യൂണിയൻ പ്രസിഡന്റ് ഡോ. സി. ആർ. വിനോദ് കുമാറിന്റെ വീട്ടുവളപ്പിലാണ് അത്യപൂർവ്വമായ ഈ ചെടി നീലവർണത്തിൽ പൂത്തുലഞ്ഞ് നിൽക്കുന്നത്. പത്ത് വർഷം മുന്‍പ് ഒരു യാത്രയ്ക്കിടയിൽ ആകസ്മികമായി ലഭിച്ചതാണ് ഈ ചെടി. ഇപ്പോഴത് വീടിന്റെ പൂമുഖത്ത് ആരുടെയും മനം കവരുന്ന നിലയിൽ മൊട്ടും പൂക്കളുമായി വീടിനലങ്കാരമായി വിരിഞ്ഞ് നിൽക്കുന്നു. വീട്ടിലെ പൂന്തോട്ടത്തിൽ മരത്തൂണുകൾ സ്ഥാപിച്ച് അതിലാണ് ചെടി വളർന്ന് പടർന്ന് നിൽക്കുന്നത്. കാഴ്ചയിൽ കുറുക്കന്റെ വാലുപോലെ വളർന്ന് നീണ്ട് കിടക്കുന്ന പൂങ്കുലകൾ ആകർഷകമാണ്. കാലവർഷം തുടങ്ങുന്നതിനോടൊപ്പമാണ് ഫോക്‌സ് ടെയില്‍ ഓർക്കിഡും പൂക്കുക. ജൂൺ -ജൂലൈ മാസങ്ങളിലാണ് ഇവറ്റകളുടെ പൂവിടൽ കാലം. തേക്ക്, മാവ്, പ്ലാവ്, സപ്പോർട്ട, അശോകം തുടങ്ങിയ മരങ്ങളിലാണ് ഫോക്‌സ് ടെയിൽ ഓർക്കിഡ് വളരുക.