കോട്ടയം: കോപ്പറിന്റെയും ലെഡിന്റെയും അംശം കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് തലയോലപ്പറമ്പിൽ നിർമ്മിക്കുന്ന അക്വഗ്രീൻ കുടിവെള്ളത്തിന്റെ വിതരണം ജില്ലയിൽ നിരോധിച്ചു. തലയോലപ്പറമ്പ് താഴേപ്പള്ളി റോഡിൽ പ്രവർത്തിക്കുന്ന പെന്റാ അക്വ കമ്പനി നിർമ്മിക്കുന്നതാണ് അക്വാ ഗ്രീൻ എന്ന കുപ്പി വെള്ളം. ഈ കമ്പനിയുടെ കുപ്പിവെള്ളത്തിന്റെ നിർമ്മാണവും , വിതരണവും, സംഭരണവും, വിൽപ്പനയും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ പി.ഉണ്ണികൃഷ്‌ണൻ നായർ അറിയിച്ചു. കഴിഞ്ഞ മൂന്നിനാണ് കമ്പനിയുടെ സാമ്പിൾ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചത്. ഈ സാമ്പിൾ പരിശോധിച്ച ശേഷം ലഭിച്ച ഫലത്തിലാണ് കോപ്പറിന്റെയും ലെഡിന്റെയും അംശം കൂടുതൽ കണ്ടെത്തിയത്. ഈ കമ്പനി നിലവിൽ വിപണിയിൽ ഇറക്കിയിട്ടുള്ള മുഴുവൻ കുപ്പികളും തിരികെ വിളിക്കാനും നിർദേശം നൽകിയിട്ടുണ്ട്.