തലയോലപ്പറമ്പ്: വടയാർ പൊട്ടൻചിറയിൽ യുവതി രണ്ടുവയസുകാരി മകളുമായി ജീവനൊടുക്കിയത് മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുള്ളവരെ ആകെ ശോകമൂകമാക്കി.വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാതായ അമ്മയേയും കുഞ്ഞിനേയും ജീവനോടെ തിരിച്ചുകിട്ടണമേയെന്ന പ്രാർത്ഥനയിലായിരുന്നു തലയോലപ്പറമ്പ്, മറവൻതുരുത്ത് നിവാസികൾ. ഇന്നലെ ഉച്ചയ്ക്ക് ഇളംകാവ് ദേവി ക്ഷേത്രത്തിന് സമീപം മൂവാറ്റുപുഴയാറിന്റെ തീരത്ത് യുവതിയുടെ മൃതദേഹം കണ്ടെന്ന വാർത്ത പരന്നതോടെ നാടൊന്നാകെ പൊട്ടൻചിറയിലേയ്ക്ക് പ്രവഹിക്കുകയായിരുന്നു. യുവതിയുടെ ദേഹത്തോട് ചേർന്ന് കിടന്ന നിലയിൽ കുരുന്നിന്റെ മൃതദേഹവും കണ്ടതോടെ കണ്ടു നിന്ന കുട്ടികളും സത്രീകളടക്കമുള്ളവരുടെ നിലവിളി കണ്ടു നിന്ന എല്ലാവരെയും കണ്ണീരിലാഴ്ത്തി. മരണപ്പെട്ട ദീപയും കുഞ്ഞും താമസിച്ചിരുന്ന ഭർതൃഗൃഹം സ്ഥിതി ചെയ്യുന്നത് വടയാർ പൊട്ടൻചിറയിലുള്ള പുഴയോരത്താണ്. മൂവാറ്റുപുഴയാറിന്റെ മറുകരയിലുള്ള മറവൻതുരുത്ത് ഇടവട്ടത്തായിരുന്നു ദീപയുടെ സ്വന്തം വീട്. ഒരു പുഴയ്ക്ക് ഇരുകരകളിലായി താമസിച്ചു വന്ന കുടുംബത്തിലെ അംഗങ്ങൾ പിന്നീട് പ്രണയിച്ച് വിവാഹം കഴിച്ചപ്പോൾ ഇവരുടെ അനുരാഗനദി അനർഗളം എന്നവണ്ണം ഒഴുകുമെന്നായിരുന്നു അടുത്ത സുഹൃത്തുക്കളും മറ്റും കരുതിയിരുന്നു.കഴിഞ്ഞ ദിവസം ഭർത്താവുമായി വഴക്കിട്ട് വീട് വിട്ട് പോയപ്പോഴും നാട്ടുകാർ ആദ്യം അന്വേഷിച്ചത് ദക്ഷ(പൊന്നു)വിന്റെ കാര്യമായിരുന്നു. സമീപത്തെ അംഗനവാടിയിൽ കുട്ടികൾക്കൊപ്പം ഇടയ്ക്ക് കളിക്കാൻ അമ്മയോടൊപ്പം പോയിരുന്ന പൊന്നു എന്ന ഓമനപ്പേരിൽ വിളിക്കുന്ന ദക്ഷ അംഗൻവാടിയിലെ കുട്ടികൾക്കും സമീപവാസികൾക്കും ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ പ്രിയപ്പെട്ടവളായി മാറിയിരുന്നു. ഇവരെ കാണാതായതു മുതൽ കൊച്ചുകുട്ടികൾ അടക്കമുള്ളവർ രണ്ട് ദിവസമായി പ്രാർത്ഥനയിലുമായിരുന്നു. എന്നാൽ ഇവരുടെ പ്രാർത്ഥന ഫലം കണ്ടില്ല. മറവൻതുരുത്ത് രണ്ട് കണ്ടത്തിൽ ശിവദാസൻ, രമണി ദമ്പതികളുടെ മൂന്നു പെൺമക്കളിൽ ദിവ്യയായിരുന്നു മുത്തയാൾ. ദീപ, ദീപ്തിയും ഇരട്ടകളായിരുന്നു.കൂടെ പിറന്നദീപയുടെ വേർപാടിൽ നെഞ്ചു പൊട്ടി കരയുന്നദീപ്തിയെ ആശ്വസിപ്പിക്കാനാവാതെ തേങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.