ജില്ലയിലെ കുപ്പിവെള്ളക്കമ്പനികൾക്ക് ആറുമാസത്തിനിടെ നോട്ടീസ് നൽകിയത് 17 തവണ
കോട്ടയം : ജില്ലയിലെ വിപണിയിലുണ്ടായിരുന്ന പ്രധാന കുപ്പിവെള്ള കമ്പനികളിൽ ഒന്നായ അക്വാ ഗ്രീൻ നിരോധിച്ചതോടെ
പൊതുജനം ആശങ്കയിൽ. ലൈസൻസുള്ള 18 കുപ്പിവെള്ള കമ്പനികളിൽ 17 എണ്ണത്തിനാണ് കഴിഞ്ഞ ആറു മാസത്തിനിടെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നൽകിയത്. ലെഡിന്റെയും കോപ്പറിന്റെയും അംശം കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണ് അക്വാ ഗ്രീൻ നിരോധിച്ചത്. ഇത് സ്ഥിരമായി ഉപയോഗിച്ചാൽ ആമാശയ കാൻസറിനടക്കം കാരണമാകുമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ.
അക്വാ ഗ്രീനിന്റെ കുപ്പിയ്‌ക്കുള്ളിൽ നിന്ന് പ്ലാസ്റ്റിക് ചരടുകൾ കണ്ടെത്തിയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജൂൺ മൂന്നിനാണ് ഭക്ഷ്യസുരക്ഷാ വിഭാഗം വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചത്. ഫലം എത്തിയത് രണ്ടു ദിവസം മുൻപാണ്. അടുത്ത ഘട്ട പരിശോധനയിൽ പ്രശ്‌നം പരിഹരിക്കാൻ സാധിച്ചാൽ കമ്പനിയ്‌ക്ക് വീണ്ടും ലൈസൻസിന് അപേക്ഷിക്കാനാകും. അക്വാ ഗ്രീൻ ഒഴികെയുള്ള കമ്പനികൾ പ്രശ്നം പരിഹരിച്ചതായി പിന്നീട് നടത്തിയ പരിശോധനയിൽ തെളിഞ്ഞു.
മായം കലരുന്നത് എങ്ങനെ
കുപ്പിവെള്ളത്തിൽ ലെഡും കോപ്പറും കലരുന്നത് വെള്ളത്തിന്റെ സ്രോതസിലെ മാലിന്യത്തിൽ നിന്നാണെന്നാണ് കണ്ടെത്തൽ. പല കുപ്പിവെള്ളക്കമ്പനികളും വെള്ളത്തിന്റെ ലഭ്യതയ്‌ക്ക് അനുസരിച്ച് പലപ്പോഴും സ്രോതസുകൾ മാറ്റാറുണ്ട്. ഇത്തരത്തിൽ സ്രോതസ് മാറ്റുമ്പോൾ ഈ വെള്ളം പരിശോധയ്‌ക്ക് വിധേയമാക്കണമെന്നാണ് ചട്ടം. എന്നാൽ, ഇത് യാഥാർത്ഥ്യമാകാറില്ല.
6മാസം, പരിശോധന : 47
നോട്ടീസ് നൽകിയത് : 17
പരാതിയിൽ ഉടൻ നടപടി
കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് പരാതി നൽകിയാൽ ഉടൻ നടപടിയുണ്ടാകും. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയക്കും.
ഉണ്ണികൃഷ്‌ണൻ നായർ പി,അസി.കമ്മിഷണർ
ഭക്ഷ്യസുരക്ഷാ വിഭാഗം, കോട്ടയം
ഈ നമ്പരുകളിൽ പരാതിപ്പെടാം
8943346185
7593873354
0481 2564677