കോട്ടയം: ഹൈക്കോടതി വിധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി എം.പാനൽ ഡ്രൈവർമാരെ പുറത്താക്കിയതിനെ തുടർന്ന് കോട്ടയം ഡിപ്പോയിൽ ഇന്നലെ മുടങ്ങിയത് 25 സർവീസ്. കോട്ടയത്ത് മാത്രം 32 ഡ്രൈവർമാർക്കാണ് ജോലി നഷ്‌ടമായത്. പാലാ, ചങ്ങനാശേരി, വൈക്കം, പൊൻകുന്നം, ഈരാറ്റുപേട്ട, എരുമേലി ഡിപ്പോകളിലും എംപാനൽ ഡ്രൈവർമാരാണ് പരമാവധി സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ചെയിൻ സർവീസുകൾ അടക്കം നടത്തി ഡിപ്പോ പച്ചപിടിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിത പ്രതിസന്ധി. പഴയ പി.എസ്.സി. ലിസ്റ്റിൽ നിന്ന് 21 പേരെ നിയമിച്ചതോടെ ഡ്രൈവർമാരുടെ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമായിരുന്നു. 110 ഷെഡ്യൂളുകളുകളിൽ നിന്ന് 76 ആയി കുറഞ്ഞെങ്കിലും കോട്ടയം - ചേർത്തല ചെയിൻ സർവീസും, ഓർഡിനറികൾ പുന:രാരംഭിക്കുകയും ചെയ്തതോടെ ഷെഡ്യൂളിന്റെ എണ്ണം 93 ആയി വർദ്ധിച്ചിരുന്നു. ഈ സർവീസുകളിൽ മൂന്നിലൊന്ന് ഇന്നു മുതൽ മുടങ്ങുന്ന അവസ്ഥയാണുള്ളത്. അവധി റദ്ദാക്കി മുഴുവൻ ഡ്രൈവർമാരും ഇന്നു ജോലിയിൽ ഹാജരാകാൻ കെ.എസ്.ആർ.ടി.സി നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും എം.പാനലുകാരുടെ വിടവ് എത്രത്തോളം ബാധിക്കുന്നുവെന്ന് വരുംദിവസങ്ങളിൽ വ്യക്തമാകും.

ടയറും പാർട്സുമില്ല

ടയർ, സ്‌പെയർ പാർട്‌സ് ക്ഷാമവും സർവീസുകളെ ബാധിക്കുന്നുണ്ട്. ടയർ ലഭിക്കാതെ വന്നതോടെ ഇന്നലെ ആറു സർവീസ് കോട്ടയത്ത് മുടങ്ങി. കഴിഞ്ഞ ദിവസം പാലായിൽ 16 സർവീസ് മുടങ്ങിയിരുന്നു. എൻജിൻ തകരാർ കണ്ടെത്തിയ നാലു ബസുകൾ കോട്ടയം ഡിപ്പോയിൽ കട്ടപ്പുറത്താണ്.