കോട്ടയം: കോട്ടയം ജില്ല രൂപീകതൃമായതിന്റെ എഴുപതാം വാർഷിക ദിനമായ ഇന്ന് ജില്ലയുടെ അവശ്യ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാകും. നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ മൊബൈൽ ആപ് ഡെവലപ്‌മെന്റ് കോംപീറ്റെന്റ് സെന്ററാണ് എന്റെ ജില്ല എന്ന പേരിൽ ജില്ലകൾക്കായി ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. ഓരോ ജില്ലയ്ക്കായും കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാൻ കഴിയും വിധമാണ് ക്രമീകരണം.
കോട്ടയം ജില്ലയിലെ റവന്യൂ, പഞ്ചായത്ത്, മൃഗസംരക്ഷണം, വ്യവസായം എന്നീ വകുപ്പുകളുടെയും അക്ഷയ കേന്ദ്രങ്ങളുടെയും വിവരങ്ങളാണ് ആദ്യ ഘട്ടത്തിൽ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓഫീസുകളിൽ ബന്ധപ്പെടുന്നതിനും ഓഫീസിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ഇതിൽ സൗകര്യമുണ്ട്.
ചിൽഡ്രൻസ് ഹോമുകൾക്കും പട്ടികജാതി, പട്ടികവർഗ ഹോസ്റ്റലുകൾക്കും വയോജന മന്ദിരങ്ങൾക്കും ആവശ്യമുള്ള സാധന സാമഗ്രികളുടെ പട്ടിക പ്രസിദ്ധീകരിക്കാനും താത്പര്യമുള്ളവർക്ക് ഇവ നൽകുന്നതിന് സന്നദ്ധത അറിയിക്കുന്നതിനും സൗകര്യമുണ്ട്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ അക്കൗണ്ടിൽനിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ജില്ലയുടെ രൂപീകരണത്തിന്റെ എഴുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന മത്സരങ്ങളുടെ സമ്മാനദാനച്ചടങ്ങിൽ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു ആപ്ലിക്കേഷൻ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് പരിപാടി.