കിഴതടിയൂർ സഹകരണ ബാങ്കിന് പുതിയ ബഹുനില മന്ദിരം ഉയരുന്നു
പാലാ : കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് വികസനത്തിന്റെ മറ്റൊരു കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നു. ബാങ്കിംഗ് ഇതര മേഖലയിലുള്ള 'കിസ്‌ക്കോ' സ്ഥാപനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ബഹുനില മന്ദിര നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ജോർജ്. സി. കാപ്പൻ കേരളകൗമുദിയോട് പറഞ്ഞു. നിലവിൽ കിസ്‌കോ ഡയഗ്‌നോസ്റ്റിക്ക് സെന്റർ പ്രവർത്തിക്കുന്ന പഴയ സെൻട്രൽ ബാങ്ക് മന്ദിരത്തിന് പിന്നിലായി ബാങ്ക് വാങ്ങിയ 78 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിട സമുച്ചയം ഉയരുന്നത്. പതിനയ്യായിരം സ്‌ക്വയർ ഫീറ്റിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടെയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. മൂന്നു കോടി രൂപയാണ് നിർമ്മാണ ചെലവ്.
മുൻ ബാങ്ക് പ്രസിഡന്റായിരുന്ന അഡ്വ. സി.എം.മാത്യു കുരീക്കാട്ടിന്റെ ശ്രമഫലമായി ആദ്യം നഗരമദ്ധ്യത്തിൽ രണ്ട് സെന്റ് സ്ഥലം അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി പി.ടി. ചക്കോയുടെ സഹായത്തോടെ സർക്കാരിൽ നിന്ന് പതിച്ചു വാങ്ങി. മുൻ സെക്രട്ടറിയായിരുന്ന കെ.ടി. മാത്യു കൊട്ടാരവും ബാങ്കിന്റെ വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ചു. 1986ൽ അഡ്വ.ജോർജ്. സി. കാപ്പൻ പ്രസിഡന്റായി വന്നതോടെ ബാങ്കിന്റെ ശുക്രദശ തുടങ്ങി. ക്ലാസ് വൺ സ്‌പെഷ്യൽ ഗ്രേഡ് പദവി, പ്രഭാത സായാഹ്ന കൗണ്ടർ, കൺസ്യൂമർ സ്റ്റോർ, സഹകരണ മവേലി സ്റ്റോർ, ആംബുലൻസ് സർവീസ് എന്നു വേണ്ട തൊട്ടതെല്ലാം പൊന്നാക്കി കിഴതടിയൂർ ബാങ്ക് കുതിച്ചു. നിക്ഷേപം രണ്ട് കോടിയിൽ നിന്ന് 270 കോടിയിലേക്കും, വായ്പ ഒരു കോടിയിൽ നിന്ന് 244 കോടിയിലേക്കും ഉയർന്നു.
പുതിയ മന്ദിരത്തിലേക്ക്
കിസ്‌ക്കോ ഡയഗ്‌നോസ്റ്റിക്ക് സെന്റർ
നീതി മെഡിക്കൽസ്
കിസ്‌ക്കോ ഔഷധി ഔട്ട് ലെറ്റ്
ലാബ്, ട്രയിഡ് സെന്റർ
സ്കാൻ സെന്റർ
ഫേട്ടോ സ്റ്റാറ്റ് കം സ്‌പൈറൽ ബയന്റിംഗ്
കിസ്‌ക്കോ കോട്ടൺസ്
എക്സ്റ്റൻഷൻ കൗണ്ടർ
ലൈബ്രറി, റീഡിംഗ് റൂം
പാവപ്പെട്ടവരുടെ അത്താണി
പാവപ്പെട്ടവരുടെ അത്താണിയാണ് കിസ്‌ക്കോ ലാബ്. 20 ശതമാനം മുതൽ 50 ശതമാനം വരെ സൗജന്യ നിരക്കിൽ പ്രവർത്തിച്ചതിലൂടെ 8.53 ലക്ഷം രോഗികൾക്ക് 7.80 കോടി രൂപയുടെ ഇളവ് നൽകി. പൊതുയോഗത്തിന്റെ അനുമതിയോടെ ബാങ്കിംഗ് ഇതര മേഖലയിൽ നൂതനങ്ങളായ നിരവധി പദ്ധതികൾക്ക് കിഴതടിയൂർ ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.