മറയൂർ: ആറിന് തീരത്തെ പാറയിൽനിന്ന് സെൽഫിയെടുത്ത യുവാവ് തെന്നി വീണു, മിനിട്ടുകളോളം പാറയിൽ പിടിച്ച് കിടന്ന യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. കോട്ടയം തോട്ടയ്ക്കാട് കൈതേപ്പാലം അറക്കപ്പറമ്പിൽ വീട്ടിൽ സാജു പീറ്റർ (40) ആണ് മരണത്തെ മുഖാമുഖം കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രിനാണ് സംഭവം. കോട്ടയത്ത് നിന്നും കാന്തല്ലൂർ മറയൂർ മേഖല സന്ദർശിക്കാനെത്തിയ സംഘത്തിൽ അംഗമായിരുന്നു സാജു . കോവിൽക്കടവ് പാമ്പാറിന് തീരത്തുള്ള കുഴികൾ നിറഞ്ഞ പാറ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. കല്ലുകളും കിടങ്ങുകളും നിറഞ്ഞ പാമ്പാറിലെ ഈ ഭാഗത്ത് അപകടസാദ്ധ്യത അറിയാതെ പാറയിൽ കയറി ഫോട്ടോ എടുക്കാൻ സഞ്ചാരികൾ ശ്രമിക്കാറുണ്ട്. എന്നാൽ പാറയിൽനിന്ന് തെന്നി വീണവരും ആറ്റിൽ കുളിക്കാൻ ഇറങ്ങിയവരും സാധാരണ രക്ഷപ്പെടാറില്ല.