കോട്ടയം: മെഡിക്കൽ കോളേജിന് സമീപത്തെ ആർപ്പൂക്കര പഞ്ചായത്ത് (ഗാന്ധിനഗർ) ബസ് സ്റ്റാൻഡിലെത്തിയാൽ എളുപ്പം 'ആശുപത്രിയിലെത്താം'...കുണ്ടും കുഴിയും നിറഞ്ഞ ഈ ബസ് സ്റ്റാൻഡിലൂടെ സൂക്ഷിച്ച് നടന്നില്ലെങ്കിൽ അപകടം സംഭവിക്കുമെന്നുറപ്പ്!
സ്റ്റാൻഡിലാകെ ഇളകികിടക്കുന്ന കല്ലും കോൺക്രീറ്റ് കഷ്ണങ്ങളും ആരെയും വീഴ്ത്താൻ പാകത്തിലുള്ളതാണ്. ഇവിടെയുള്ള കുഴികളിൽ യാത്രക്കാർ വീഴുന്നത് നിത്യസംഭവമാണ്. വീണ് പരിക്കേൽക്കുന്നവർ ആരോടും പരിഭവം പറയാതെ എണീറ്റുപോവുകയല്ലാതെ വേറെ നിവൃത്തിയില്ല. യാത്രക്കാർക്ക് ഇരിക്കാൻ ഇവിടെ മതിയായ ഇരിപ്പിടങ്ങില്ലെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. അവശരായ രോഗികളും വൃദ്ധജനങ്ങളും ഏറെ ആശ്രയിക്കുന്ന ബസ് സ്റ്റാൻഡ് ആയിട്ടുപോലും ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു പരിഗണനയും കിട്ടുന്നില്ല. കോട്ടയത്തിന് പുറമെ സമീപ ജില്ലകളിൽ നിന്നും ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. സന്ധ്യമയങ്ങിയാൽ ഇരുളുമൂടുന്ന ബസ് സ്റ്റാൻഡ്പരിസരം സാമൂഹ്യവിരുദ്ധരും കൈയ്യേറുന്നതോടെ ഇവിടെ ഭീകരാന്തരീഷമാണെന്ന് നാട്ടുകാർ പറയുന്നു. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവുമൊക്കെ നടപ്പിലായിട്ട് രണ്ട് പതിറ്റാണ്ടുപിന്നിടുമ്പോഴും നാടിന്റെ അടിസ്ഥാനവികസന കാര്യത്തിൽ നാഥനില്ലാക്കളരിയാണെന്നതിന്റെ നേർക്കാഴ്ചയായി മാറുകയാണ് ആർപ്പൂക്കര പഞ്ചായത്ത് ബസ് സ്റ്റാൻഡ്.
ശൗചാലയമുണ്ട്...പക്ഷേ, അത് കാട്ടിലാണ്
ദൂരെസ്ഥലങ്ങളിൽ നിന്ന് മണിക്കൂറുകളോളം ബസിൽ ഇരുന്ന് യാത്രചെയ്ത് എത്തുന്നവരിൽ പലരും ആദ്യം തിരയുന്നത് ശൗചാലയമായിരിക്കും. ഇവടെ സ്റ്റാൻഡിന്റെ ഒരു മൂലയിലെ പൊന്തക്കാടിനുള്ളിൽ ശൗചാലയം എന്ന് ബോർഡ് എഴുതിവച്ചിരിക്കുന്ന കെട്ടിടം കാണാമെങ്കിലും അതിനടുത്തുപോലും എത്താനാവില്ല. ഈ കാര്യത്തിലും സ്വയം ശപിക്കാനല്ലാതെ വല്ലപ്പോഴുമൊരിക്കൽ ഗാന്ധിനഗറിൽ വന്നുപോകുന്ന മാലോകർക്ക് ആരോടും പരിഭവിക്കാനാവില്ല.
പുതിയ ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കും
മെഡിക്കൽ കോളേജിന് സമീപം പുതിയ ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുന്നതിന് 2017- 18 സാമ്പത്തിക വർഷം മുതൽ ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പദ്ധതി തയ്യാറാക്കിവരികയാണ്. മൂന്നു ഘട്ടങ്ങളിലായി 12 കോടിരൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം ഡി.പി.സി. അംഗീകരം ലഭിച്ച പദ്ധതികൾക്കൊപ്പം ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവുമുണ്ട്.
- ജസ്റ്റിൻ ജോസഫ്, പ്രസിഡന്റ്, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത്