കുറവിലലങ്ങാട് : എം.സി റോഡിൽ വെമ്പള്ളി തെക്കേക്കവലയ്ക്ക് സമീപം അമിതവേഗതയിൽ എത്തിയ പിക്കപ്പ് വാൻ സ്‌കൂട്ടറിന് പിറകിൽ ഇടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന പിതാവിനെ ഗുരുതര പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് കളത്തൂർ മണപ്പുറത്ത് റോണി ജോ (30 ) ആണ് മരിച്ചത്. പിതാവ് ജോക്കുട്ടി ഫിലിപ്പ് (64) ന് ഗുരുതര പരിക്കേറ്റു. വീട്ടുസാധനങ്ങൾ കയറ്റി വന്ന പിക്കപ്പ് വാൻ കളത്തൂരിൽ നിന്ന് ഏറ്റുമാനൂർക്ക് പോയ സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ ഇതുവഴി വന്ന തൃശൂർ എ.ആർ ക്യാമ്പിലെ പൊലീസ് വാഹനം പരിക്കേറ്റരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാത്തത് നാട്ടുകാരുമായി വാക്കുതർക്കത്തിനിടയാക്കി. ജോക്കുട്ടിയെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഏറെനേരം രക്തം വാർന്ന് റോഡിൽ കിടന്ന റോണിയെ പൊലീസ് വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടേട്ട് കുടുബാഗം അലീസാണ് മാതാവ്. സഹോദരൻ : റോബി ജോ. സംസ്കാരം പിന്നീട്.