പാലാ: മദ്യപിച്ച് പൂസായ മധ്യവയസ്‌കൻ യാത്രക്കാരെ തെറിയഭിഷേകം നടത്തിയിട്ടും വരാൻ മടിച്ച് പാലാ പൊലീസ്. ഒടുവിൽ യാത്രക്കാർ നിരന്തരം വിളിച്ചുമടുത്തപ്പോൾ മടിച്ചെത്തിയ പൊലീസ് 'പാമ്പിനെ' സ്ഥലത്തു നിന്ന് നീക്കി. സംഭവമിങ്ങനെ: ഇന്നലെ 12.30 ഓടെ ഒരു മദ്യപൻ പാലാ ടൗൺ ബസ് സ്റ്റാൻഡിൽ അസഭ്യ വർഷവും, അഴിഞ്ഞാട്ടവും തുടങ്ങി. യൂണിവേഴ്‌സൽ തിയേറ്റർ ഭാഗത്തു നിന്നാരംഭിച്ച ' പ്രകടനം ' സ്റ്റാൻഡിലെ മൈക്ക് അനൗൺസ്‌മെന്റ് പോയിന്റും കടന്ന് വെയിറ്റിംഗ് ഷെഡിലെ ഇരിപ്പിടം വരെയെത്തി. കേട്ടാലറയ്ക്കുന്ന ചീത്ത കേട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ചെവി പൊത്തി. ചിലർ സ്ഥലം കാലിയാക്കി. 12.52ന് മദ്യപ ശല്യത്തെ കുറിച്ച് ആദ്യ വിളി പാലാ പൊലീസ് സ്റ്റേഷനിലെത്തി. ഉടൻ വരുമെന്ന പൊലീസിന്റെ അറിയിപ്പിൽ പ്രതീക്ഷയർപ്പിച്ച് യാത്രക്കാരും സ്റ്റാൻഡിലെ വ്യാപാരികളും കാത്തിരുന്നു.

അഞ്ച് മിനിട്ടു കൊണ്ട് എത്തേണ്ട സ്ഥലത്ത് 20 മിനിട്ട് കഴിഞ്ഞിട്ടും പൊലീസെത്താതെ വന്നപ്പോൾ രണ്ടാമതും വിളിച്ചു. ഹൈവേ പട്രോളിംഗ് സംഘം എത്തിയില്ലേ എന്നായിരുന്നൂ സ്റ്റേഷനിൽ നിന്നുള്ള മറു ചോദ്യം. ഇല്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ ഉടൻ വരുമെന്നായി ഉത്തരം.

കാത്തിരിപ്പ് പിന്നെയും നീണ്ടു. വീണ്ടും അസഭ്യം പറഞ്ഞ മദ്യപാനിയെ സഹികെട്ട ഒരു യാത്രക്കാരൻ വെയിറ്റിംഗ് ഷെഡിൽ നിന്നും സ്റ്റാൻഡിലേക്ക് തള്ളി വിട്ടു. ഇതോടെ ചീത്ത വിളിയുടെ ഗ്രേഡ് കൂടി . വീണ്ടും അരമണിക്കൂർ കൂടി പിന്നിട്ടപ്പോൾ ഒന്നു കൂടി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ബൈക്ക് പട്രോളിംഗ് സംഘം സ്ഥലത്തു വന്നപ്പോൾ ആരെയും കണ്ടില്ല എന്നായിരുന്നൂ മറുപടി!

ഇതിനിടെ മദ്യപൻ സ്റ്റാൻഡിന്റെ കിഴക്കേ മൂലയിൽ ബസുകൾ പോകുന്ന വഴിയിലായി ഒരു കടയ്ക്ക് മുന്നിൽ നീണ്ടു നിവർന്നു കിടന്നു.

അപ്പോഴേയ്ക്കും മദ്യപന്റെ പ്രകടനം ഒന്നേകാൽ മണിക്കൂർ പിന്നിട്ടു. സഹികെട്ട യാത്രക്കാർ ഒടുവിൽ പാലാ ഡിവൈ. എസ്.പി. ഷാജി മോൻ ജോസഫിനെത്തന്നെ വിളിച്ച് വിവരം പറഞ്ഞു; പാലാ പൊലീസിന്റെ 'കൃത്യ നിർവ്വഹണ വൈഭവവും ' വിശദീകരിച്ചു. ഇതിനെന്തായാലും ഫലമുണ്ടായി. അഞ്ച് മിനിട്ടിനുള്ളിൽ ഒരു എ.എസ്. ഐ.യും പൊലീസുകാരും ജീപ്പിലെത്തി, കിടന്ന മദ്യപനെ തൂക്കിയെടുത്ത് കടത്തിണ്ണയിലേക്ക് മാറ്റി; പൊലീസിനെ കണ്ടതോടെ കള്ള് വിട്ടെങ്കിലും തെറി വിട്ടില്ല: 'നാൻ താൻ മായാവി ' എന്ന് വിളിച്ചു പറഞ്ഞ കുടിയൻ, പൊലീസ് കേൾക്കെ മുഖ്യമന്ത്രിയെ വരെ പേരെടുത്ത് പുലഭ്യം പറഞ്ഞു. ഒടുവിൽ മദ്യപനെ പിടിച്ച് പൊലീസ് ജീപ്പിൽ കേറ്റി. ജീപ്പിൽ കയറിയതും മദ്യപൻ ഒന്നു കൂടി ഉഷാറായി; പൊലീസിന് നേർക്ക് ഒരു മുഴുത്ത തെറി; തടിച്ചു കൂടിയ ജനത്തിന്റെ മറുപടി പോലെ.....