കോട്ടയം: വിവാഹവേദി പരിസ്ഥിതി സൗഹൃമാക്കിയ വധു വരന്മാർക്ക് ഹരിതകേരള മിഷന്റെ ആദരം.
മുൻ വനിതാകമ്മീഷൻ അംഗം ഡോ. ജെ. പ്രമീളദേവി - പ്രൊഫ. പി. എസ് ശശിധരൻ ദമ്പതികളുടെ മകൾ ലക്ഷ്മിയുടെയും ഡോ. ജലജ- അഡ്വ. അശോക് ദമ്പതികളുടെ മകൻ നവനീതിന്റെയും വിവാഹമാണ് ഹരിതേകളമിഷന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയത്. ഇന്നലെ പൊൻകുന്നം ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹവേദി. ഹരിതകേരളംജില്ലാ മിഷന്റെ അഭ്യർത്ഥനകൂടി മാനിച്ച് പ്ലാസ്റ്റിക്, തേർമോകോൾ തുടങ്ങിയ പ്രകൃതിക്ക് നാശമുണ്ടാക്കുന്ന വസ്തുക്കൾ പരമാവധി ഒഴിവാക്കി. പകരം പൂക്കൾ, ചണച്ചാക്ക്, പുനരുപയോഗം സാധ്യമായ വസ്തുക്കൾ എന്നിവ ഉപയോഗിച്ച് മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഉപയോഗശേഷം വലിച്ചെറിയുന്ന പേപ്പർ ഇലകൾക്ക് പകരം നാടൻ വാഴയിലയിൽ വിളമ്പിയ സദ്യക്കൊപ്പം ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനും സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികൾ വീടുകളിൽ തന്നെ ഉത്പാദിപ്പിക്കാൻ പ്രോത്സാഹനം നൽകുന്നതിനുമായി ഹരിത കേരളം മിഷന്റെ സഹായത്തോടെ എല്ലാ അതിഥികൾക്കും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. ഹരിത കേരളം മിഷൻ ജില്ല അദ്ധ്യക്ഷൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സണ്ണി പാമ്പാടി, മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ എന്നിവർക്കൊപ്പം ചടങ്ങിൽ പങ്കെടുത്ത മുഴുവൻ അതിഥികളും പരിസ്ഥിതി സൗഹൃദമായ ചടങ്ങുകളോടെ വിവാഹിതരായ ദമ്പതികളെ അഭിനന്ദിച്ചു.