പാലാ: കേരളാ പൊലീസ് അസോസിയേഷൻ 35ാം ജില്ലാ സമ്മേളന ഭാഗമായി നാളെ പാലായിൽ നടക്കുന്ന ചടങ്ങിൽ തുടർച്ചയായി 35 ചലച്ചിത്ര നാടക ഗാനങ്ങൾ ആലപിക്കാനുള്ള തയ്യാറെടുപ്പിലാണ് പാലായിലെ ട്രാഫിക് പൊലീസുകാരനായ എസ്. സുദേവ്. നാളെ 2.30 ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ മൂന്നു മണിക്കൂറോളം നീളും സുദേവിന്റെ ഗാനാർച്ചന. ഇതിനായി കഴിഞ്ഞ രണ്ട് ദിവസമായി അവധിയെടുത്തുള്ള പരിശീലനത്തിലായിരുന്നൂ ഈ പൊലീസുകാരൻ. നാളെ പാടുന്നതിലേറെയും പഴയ മെലഡി ഗാനങ്ങളാണ്.
കഴിഞ്ഞ 11 വർഷമായി കോട്ടയം ജില്ലാ പൊലീസ് ഓർക്കസ്ട്രയിലെ പ്രമുഖ ഗായകനായ ഇദ്ദേഹം ഇപ്പോൾ ട്രൂപ്പിന്റെ കോ ഓർഡിനേറ്ററുമാണ്.
ഒരേ വേദിയിൽ, ഒരേ പാട്ടിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും സ്വരത്തിൽ ഗാനങ്ങൾ ആലപിച്ചും ശ്രദ്ധേയനായിരുന്നൂ ഈ 44കാരൻ. ജില്ലാ പോലീസ് ഓർക്കസ്ട്രയുമായി അഞ്ഞൂറോളം വേദികളിൽ ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്.
കിടങ്ങൂർ ചെമ്പിളാവ് കുന്നേൽ കരോട്ട് കുടുംബാംഗമാണ്. ഷീജയാണ് ഭാര്യ. ദേവപ്രിയ, ദീപക് ദേവ് എന്നിവർ മക്കളും. പാലാ ട്രാഫിക്ക് പൊലീസിലെ റൈറ്ററാണ്.
പൊലീസ് അസോസിയേഷൻ 35ാം ജില്ലാ സമ്മേളനം ഏറ്റുമാനൂരിലാണ് നടക്കുന്നത്. അതിനു മുന്നോടിയായി നാളെ പാലായിൽ ടു വീലർ റാലി, ഗതാഗത ബോധവൽക്കരണ ക്ലാസ്സ്, എന്നിവയ്ക്ക് ശേഷമാണ് സുദേവിന്റെ മാരത്തോൺ സംഗീതാർച്ചന.