കോട്ടയം:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മൻ കി ബാത്തിൽ പ്രശംസിച്ച ഇടമലക്കുടി ആദിവാസി കോളനിയിലെ ഗ്രന്ഥശാലയെക്കുറിച്ച് പുറം ലോകം അറിയുന്നത് കേരളകൗമുദിയിലൂടെയാണ്.
കേരളകൗമുദി മുൻ ലേഖകൻ ബി.ആർ. സുമേഷ്, ഉണ്ണി പ്രശാന്ത് (എഫ്.എം. റേഡിയോ) എന്നിവർ ഇടമലക്കുടിയിലെ പൊതുപ്രവർത്തകനും അദ്ധ്യാപകനുമായ പി.കെ. മുരളീധരനുമായി സഹകരിച്ച് 2013 ഫെബ്രുവരിയിലാണ് സൊസൈറ്റിക്കുടിയിൽ ഗ്രന്ഥശാലയ്‌ക്ക് തുടക്കമിട്ടത്. മാദ്ധ്യമപ്രവർത്തകരുടെ കൈവശമുണ്ടായിരുന്ന 160 പുസ്തകങ്ങളാണ് ഇതിനുവേണ്ടി വിനിയോഗിച്ചത്. ജനവാസമേഖലകൾ തമ്മിൽ കിലോമീറ്ററുകളുടെ അകലമുള്ള ഇടമലക്കുടിയിലെ ഗ്രാമപഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിൽ സ്ഥാപിച്ച വായനശാല തുടക്കത്തിൽ കാര്യമായ ചലനങ്ങളൊന്നുമുണ്ടാക്കിയില്ല. സൊസൈറ്റിക്കുടിയിൽ എത്തി പുസ്തകം വായിക്കുന്നതും പുസ്തകം എടുക്കുന്നതും വനാന്തരത്തിലെ കോളനികളിൽ താമസിക്കുന്നവർക്ക് നന്നേ പ്രയാസമായിരുന്നു.അതിനാൽ മുരളീധരൻ മാഷ് ആദിവാസികളുടെ വീടുകൾതോറും സഞ്ചരിച്ച് പുസ്തകം നൽകാൻ തുടങ്ങി. ആറ് വർഷമായി മുരളീധരൻ മാഷിന്റെ ഈ സേവനം അനുസ്യൂതം തുടരുകയാണ്. പുസ്തകങ്ങളുടെ വിതരണവും തിരിച്ച് ശേഖരിക്കലുമെല്ലാം ഒറ്റയ്‌ക്ക് നിർവഹിക്കുന്നു. ഇതോടെ വായനശാലയുടെ പ്രവർത്തനം ജനകീയമായി. ഇന്നും റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന വികസനകാര്യത്തിൽ ഏറെ പിന്നിലുള്ള പഞ്ചായത്താണ് ഇടമലക്കുടി. ഗ്രന്ഥശാല രൂപീകരണവുമായി ബന്ധപ്പെട്ട് കോളനി സന്ദർശിച്ച ബി.ആർ. സുമേഷ് ആദിവാസികളുടെ ദുരിതജീവിതം അക്കമിട്ട് നിരത്തി കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.