തലയോലപ്പറമ്പ് : ഞായറാഴ്ച്ചത്തെ പകൽ മറവൻതുരുത്ത് ഗ്രാമമൊന്നകെ സങ്കടക്കടലിലായിരുന്നു. ദീപയുടെയും മകൾ ദക്ഷയുടെയും ചേതനയറ്റ ശരീരം വീട്ടിലേക്ക് കൊണ്ടു വരുന്ന കാഴ്ച്ച എറെ വേദനയോടുകൂടിയാണ് നാട്ടുകാർ കണ്ടു നിന്നത്. ബന്ധുക്കളുടെയും സഹോദരങ്ങളുടെയും കണ്ണീരിന് മുന്നിൽ പിടിച്ചു നിൽക്കാൻ സംസ്‌കാരാ ചാടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് പോലും കഴിഞ്ഞില്ല. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ഇരുവരുടെയും മൃതദേഹം ഇടവട്ടത്തുള്ള ദീപയുടെ രണ്ട് കണ്ടത്തിൽ വീട്ടിൽ എത്തിച്ചത്. രാവിലെ മുതൽ ഈറനണിഞ്ഞ കണ്ണുകളോടെ ദീപക്കും തങ്ങളുടെ പിഞ്ചോമന ദക്ഷക്കും യാത്രാമൊഴിയേകാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട് ഭർത്താവുമായി കഴിഞ്ഞ ദിവസം വഴക്കിട്ടതിനെ തുടർന്ന് കാണാതായ ഇവരുടെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് മൂവാറ്റുപുഴയാറിന്റെ ഇളങ്കാവ് ഭാഗത്ത് നിന്നും കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കേളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം എത്തിച്ച മൃതദേഹം ചടങ്ങുകൾക്ക് ശേഷം അമ്മ ദീപയുടെ ചിതയ്ക്ക് സമീപം എടുത്ത കുഴിയിലാണ് ദക്ഷയെ സംസ്‌ക്കരിച്ചത്. സംസ്‌ക്കാക്കാര ചടങ്ങിനിടെ ഇരട്ട സഹോദരിമാരിൽ ദീപയുടെ കൂടെ പിറന്ന ദീപ്തിയെയും ഏറെ പാടുപെട്ടാണ് ബന്ധുക്കൾ സാന്ത്വനിപ്പിച്ചത്.