വൈക്കം : വൈക്കം ക്ഷേത്ര കലാപീഠത്തിൽ നിന്ന് ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിലേക്ക് മാറ്റിയ കോഴ്‌സുകൾ വൈക്കത്തിന് തിരികെ നൽകാൻ ദേവസ്വം ബോർഡ് ഉത്തരവിട്ടു. നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്ന വൈക്കം ക്ഷേത്ര കലാപീഠത്തിലേക്ക് തകിൽ, നാദസ്വരം വിഭാഗങ്ങളിൽ ഈ വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് പ്രവർത്തനം നിലച്ചിരുന്ന ആറ്റിങ്ങൽ ക്ഷേത്ര കലാപീഠം പുന:രാരംഭിച്ചത്. തകിൽ, നാദസ്വരം, പഞ്ചവാദ്യം എന്നീ കോഴ്‌സുകളാണ് വൈക്കത്തുള്ളത്. മൂന്ന് വർഷമാണ് കോഴ്‌സുകൾ. തകിൽ, നാദസ്വരം വിഭാഗങ്ങളിൽ ഓരോന്നിലും 15 വീതം വിദ്യാർത്ഥികൾക്കാണ് ഈ വർഷം പ്രവേശനം നൽകിയത്. ഇവരെ ആറ്റിങ്ങലക്ക് മാറ്റിയതോടെ വൈക്കത്ത് രണ്ട്, മൂന്ന് വർഷ വിദ്യാർത്ഥികൾ മാത്രമായി. അവരുടെ പഠനം പൂർത്തിയാവുന്നതോടെ പഞ്ചവാദ്യം മാത്രമാവുകയും കാലക്രമത്തിൽ വൈക്കം ക്ഷേത്ര കലാപീഠത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്യുമെന്ന ആശങ്ക ഉയർന്നിരുന്നു. സി. കെ. ആശ എം.എൽ.എ വിഷയം സബ്മിഷനായി നിയമസഭയിൽ ഉന്നയിച്ചിരുന്നു. മന്ത്രിയുടെ ഉറപ്പിന് ശേഷവും കോഴ്‌സുകൾ ആറ്റിങ്ങലിൽ തുടർന്ന സാഹചര്യത്തിൽ എം.എൽ.എ മന്ത്രിയെ നേരിൽകണ്ട് കത്ത് നൽകുകയും അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രി ബോർഡിന് നിർദ്ദേശം നൽകുകയുമായിരുന്നു. ആറ്റിങ്ങൽ കലാപീഠത്തിൽ തകിൽ, നാദസ്വരം കോഴ്‌സുകളിൽ പുതിയ അപേക്ഷ ക്ഷണിച്ച് പ്രവേശനം നൽകും. വൈക്കത്ത് നടന്ന അഭിമുഖത്തിന്റെ വെയിറ്റിംഗ് ലിസ്റ്റിലുള്ള നാലുപേർക്ക് ആറ്റിങ്ങലിൽ പ്രവേശനം നൽകും.