കോട്ടയം: ചരിത്രവഴിയിലെ പൈതൃക കാഴ്ചകൾ കണ്ടും കേട്ടും സംഘടിപ്പിച്ച കാൽനടയാത്ര കൗതുകമായി. കോട്ടയം ചെറിയ പള്ളി മഹായിടവകയുടെ ആഭിമുഖ്യത്തിൽ കോട്ടയം നാട്ടുകൂട്ടം, തളിയിൽ മഹാദേവക്ഷേത്ര ഉപദേശകസമിതി, താഴത്തങ്ങാടി മുസ്ലീം ജമാ അത്ത്, വലിയ പള്ളി എന്നിവയുടെ സഹകരണത്തോടെയാണ് 'ഓൾഡ് കോട്ടയം ഹെറിറ്റേജ് വാക്ക്' എന്ന പേരിൽ യാത്ര സംഘടിപ്പിച്ചത്.
ഇന്നലെ രാവിലെ 10ന് കോട്ടയം ചെറിയ പള്ളിയിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യാത്രക്ക് ഫ്ലാഗ് ഓഫ് ചെയ്തു. തളിയിൽ ക്ഷേത്രത്തിലെത്തിയ സംഘം ക്ഷേത്രത്തിന്റെ പൗരാണികതയേക്കുറിച്ച് കൗതുകത്തോടെ കേട്ടറിഞ്ഞു. കോട്ട യുടെസ്ഥാനം, രാജവാഴ്ചയുടെ അടയാളങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നാട്ടുകൂട്ടം സെക്രട്ടറി രാജീവ് പള്ളിക്കോണം വിവരിച്ചു. താഴത്തങ്ങാടി ജുമാമസ്ജിതിൽ ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രാസംഘത്തെ സ്വീകരിച്ചു. വലിയ പള്ളിയുടെ പൗരാണികതയും ചരിത്രവും പഠിച്ച് യാത്ര അവസാനിപ്പിച്ചു. ഉച്ചക്ക് ശേഷം നടന്ന സമാപന സമ്മേളനം തെക്കുംകൂർ കൊട്ടാരം വലിയ തമ്പുരാൻ പി.എൻ. രവിവർമ രാജ ഉദ്ഘാടനം ചെയ്തു.