lory

കല്ലറ: കക്കൂസ് മാലിന്യവുമായി പോയ ടാങ്കർ ലോറി തല്ലിതകർത്തതിന് ശേഷം കത്തിച്ചു. ഇടയാഴം കല്ലറ റോഡിൽ പൂവത്തിക്കരി പാടശേഖരത്തിന് സമീപം ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഇടയാഴത്തു നിന്നും കല്ലറ ഭാഗത്തേക്ക് പോയ ടാങ്കർ ലോറി ഒരു സംഘം ആൾക്കാർ തടഞ്ഞു നിർത്തിയതിന് ശേഷം തല്ലിതകർക്കുകയും സമീപത്തെ പുരയിടത്തലേക്ക് മാറ്റിയിട്ട് കത്തിക്കുകയുമായിരുന്നു.ഇതിനിടയിൽ വാഹനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ഇവർക്കും മർദ്ദനമേറ്റിട്ടുണ്ട്. കടുത്തുരുത്തിയിൽ നിന്ന് അഗ്‌നിരക്ഷസേന എത്തിയാണ് വാഹനത്തിന്റെ തീ അണച്ചത്. ചെമ്മനത്തുകര സ്വദേശിയുടെ ഉടമസ്ഥതിയിലുള്ളതാണ് ടാങ്കർ. കക്കൂസ് മാലിന്യം ശേഖരിച്ച് കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ സംസ്‌ക്കരിക്കുന്നതിന് ടാങ്കറിന് പാസുണ്ട്. നിയമാനുസൃതം പാസ് എടുത്ത് കക്കൂസ് മാലിന്യം മറവുചെയ്യുന്ന തങ്ങൾക്കെതിരെ ക്വട്ടേഷൻ ആക്രണമാണ് ഉണ്ടായതെന്നും, 20 ഓളം പേർ ചേർന്നാണ് ടാങ്കർ കത്തിച്ചതെന്നും ടാങ്കർ ഉടമ പറഞ്ഞു. സംഭവത്തിൽ വൈക്കം പൊലീസ് കേസെടുത്തു.