സന്തോഷത്തോടെയും സമാധാനപരമായും ജീവിക്കുക, ആർക്കും ദോഷമുണ്ടാക്കാതിരിക്കുക. ഏതൊരാളും ആഗ്രഹിക്കുന്നതാണ് ഇത്തരം സംതൃപ്ത മാതൃകാ ജീവിതം. പക്ഷേ അത് സാദ്ധ്യമാക്കാൻ അധികമാർക്കും കഴിയാറില്ലെന്നതാണ് വാസ്തവം. അതിന്റെ കാരണമന്വേഷിച്ചാൽ കണ്ടെത്താനാവുന്നത് കുറെയധികം കുറവുകളായിരിക്കും. ധനത്തിന്റെ കുറവ്, വിദ്യയുടെ കുറവ്, തൊഴിലിന്റെ കുറവ്, ഭവനത്തിന്റെ കുറവ്, സന്താനങ്ങളുടെ കുറവ്, ആരോഗ്യത്തിന്റെ കുറവ് അങ്ങനെയങ്ങനെ കുറവുകളുടെ പട്ടിക നീണ്ടു പോകും. എന്നാൽ ഇപ്പറഞ്ഞ കുറവുകളൊന്നും ഇല്ലാത്തവരും സമൂഹത്തിൽ ധാരാളമുണ്ട്. അവരുടെയെല്ലാം ജീവിതം എപ്പോഴും സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കുന്നുണ്ടോ? മറ്റുള്ളവർക്ക് യാതൊരു ദോഷവുമുണ്ടാക്കാത്ത വിധത്തിലാണോ അവർ ജീവിതം നയിക്കുന്നത് ? ശ്രദ്ധയോടെ നിരീക്ഷിച്ചാൽ അങ്ങനെയല്ലെന്ന് ബോദ്ധ്യപ്പെടും. ഇതിൽ നിന്നും ഇപ്പറഞ്ഞ കുറവുകളൊന്നുമല്ല സംതൃപ്തമായ മാതൃകാജീവിതം കെട്ടിപ്പടുക്കാൻ യഥാർത്ഥ തടസമെന്ന് മനസിലാക്കാം. എങ്കിൽപ്പിന്നെ എന്തിന്റെ കുറവ് കൊണ്ടാണ് സന്തോഷവും സമാധാനവും കളിയാടുന്ന, അന്യർക്കു ഗുണമായി ഭവിക്കുന്ന ഒരു ജീവിതം നമുക്ക് ലഭ്യമാകാതെ പോകുന്നത്? അതറിയണമെങ്കിൽ ഇപ്പോഴത്തെ ചിന്തയുടെ മണ്ഡലത്തിൽ നിന്നും ഏകാഗ്രതയുള്ള ചിന്തയുടെ മണ്ഡലത്തിലേക്ക് നാമോരോരുത്തരും സ്വയമൊന്ന് മാറിയിരിക്കേണ്ടതുണ്ട്. അപ്പോൾ പതുക്കെപ്പതുക്കെ വെളിവിന്റെ ഒരു ബോധമണ്ഡലം തെളിഞ്ഞുവരും. ആ തെളിവു കൂടി വരുന്നതനുസരിച്ച് ഭോഗവിഷയങ്ങളൊക്കെ മെല്ലെമെല്ലെ കൊഴിഞ്ഞുപോകും. അതോടെ അതുവരെയും ചഞ്ചലപ്പെട്ടുകൊണ്ടിരുന്ന മനസ് ഇന്ദ്രിയങ്ങളെ ലാളിക്കുന്നതിൽ നിന്നും പിന്മാറുകയും ഉപാസനാഭാവത്തിൽ നിശ്ചലമായി നിലകൊള്ളുകയും ചെയ്യും. ബാഹ്യമായ ശബ്ദങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും രസങ്ങളിൽ നിന്നും മറ്റ് സമ്പർക്കങ്ങളിൽ നിന്നുമെല്ലാം വിടുതൽ നേടി ധ്യാനാത്മകമായിത്തീരുന്ന മനസ് ഒടുവിൽ ശുദ്ധമായ ബോധത്തിൽ ലയിച്ച് അതായിത്തീരും. സ്ഥിതിഭേദങ്ങളെല്ലാം നിഷ്പ്രഭമായിത്തീരുന്ന ഒരു ബോധാവസ്ഥയാണത്. ഈ അവസ്ഥയെയാണ് 'വെളിവുരു' എന്നു ഗുരുദേവൻ ആത്മോപദേശശതകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
ഒളി മുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞുകീഴ്മറിക്കും
വെളിവുരുവേന്തിയകം വിളങ്ങിടേണം.
ഈ ലോകത്തെ നമ്മിലേക്കും നമ്മെ ഈ ലോകത്തേക്കും വിനിമയം ചെയ്യിപ്പിക്കുന്ന ഇന്ദ്രിയങ്ങൾ മനസിന്റെ ലാളനയേറ്റ് സുഖകാംക്ഷികളായി , വിഷയങ്ങൾ തോറും മാറിമാറി സഞ്ചരിക്കുന്ന സ്വഭാവത്തോടു കൂടിയതാണ്. പൂക്കളെത്തേടിയെത്തി അഭിരമിക്കുന്ന ശലഭങ്ങളെപ്പോലെയാണ് ഇന്ദ്രിയങ്ങളും. പൂക്കൾ ഒരിക്കലും ശലഭങ്ങളെത്തേടി പോകുന്നില്ല. ശലഭങ്ങളാണു പൂക്കളെത്തേടിയെത്തുന്നത്. അതുപോലെ ഇന്ദ്രിയങ്ങളിലേക്ക് വിഷയങ്ങൾ വന്നു കയറുകയല്ല, ഇന്ദ്രിയങ്ങൾ വിഷയങ്ങൾക്ക് പിന്നാലെ പാഞ്ഞുചെല്ലുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഒന്നിൽ നിന്നും അനേകങ്ങളിലേക്ക് മാറിയാടിക്കളിക്കുന്ന ഇന്ദ്രിയങ്ങളെ മനസുമായിച്ചേർന്ന് കളിയാടാൻ വിടാതെ പിടിച്ചു നിറുത്താൻ നമുക്ക് കഴിയണം. അപ്പോഴേ 'വെളിവുരു' എന്ന ബോധത്തിന്റെ പൂർണതയാൽ നമ്മുടെ അകം വിളങ്ങുകയുള്ളൂ. ആത്മാനുഭൂതിയുടെ ഈ കരകവിയലാണ് നമ്മുടെ ജീവിതത്തെ ആനന്ദമയമാക്കിത്തീർക്കുന്നത്.
ധനവും തൊഴിലും സ്ഥാനമാനങ്ങളുമൊന്നും അന്തിമമായി ആനന്ദ കാരണമായിത്തീരുന്നില്ല. ഭാരതീയദർശനത്തിന്റെ ഈ അകക്കാമ്പിൽ നിന്നാണ് ഗുരുദേവതൃപ്പാദങ്ങൾ ആധുനികയുഗത്തിന്റെ ഉണർവിനും ഉയർച്ചയ്ക്കുമായി ശാസ്ത്രീയാവബോധത്തോടെ നേരാംവഴി കാട്ടുന്ന അദ്വൈതദർശനം ആവിഷ്കരിച്ചെടുത്തത്. ഇത് ബോധ്യപ്പെടുന്നവനാണ് ജീവിതത്തെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഇരിപ്പിടമാക്കിത്തീർക്കുന്നതും അന്യർക്കു ഗുണം ചെയ്യുന്ന ജീവിതത്തിന് ഉടമയായിത്തീരുന്നതും.
'വെളിവുരുവേന്തിയകം വിളങ്ങിടേണ' മെന്ന ഗുരുദേവന്റെ വാങ്മയ ദീപ്തി കൊണ്ട് ഹൃദയം നിറയ്ക്കാനാവുന്നവനാണ് ജീവിതത്തിലെ എല്ലാ കുറവുകളെയും ഫലപ്രദമായി നീക്കാനാവുന്നത്. ഇങ്ങനെ ഭോഗവസ്തുക്കളായി കരുതുന്നവയുടെ കുറവിനെ ബോധത്തിന്റെ നിറവ് കൊണ്ട് ഭേദിക്കുന്നവനാണ് ജീവിതത്തെ അതിന്റെ പൂർണതയിലേക്ക് നയിക്കാനാവുക.
ജീവിതത്തിന്റെ ആ പൂർണതയിലേക്ക് മനുഷ്യനെ നയിക്കാനാണ് ഗുരുദേവനും മറ്റു ഗുരുക്കന്മാരും അവരുടെ ജീവിതം കൊണ്ടും വചനങ്ങൾ കൊണ്ടും ചിന്തകൾ കൊണ്ടും പരിശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ നാറുന്ന നളികയായിരിക്കുന്ന ശരീരത്തിലേറി കിളികളെപ്പോലെ നയേന മാറിയാടുന്ന ഇന്ദ്രിയങ്ങൾ കൊണ്ട് സുഖവും സന്തോഷവും സമാധാനവും തേടുന്ന പുതിയ തലമുറ ഒരു ഗുരുവിൽ പൂർണശ്രദ്ധ അർപ്പിക്കേണ്ടതാണ്. കാരണം അവർ കാണുന്ന കുറവുകളിലെ കുറവില്ലായ്മകളും ധനത്തിലെ ധനമില്ലായ്മയും ആനന്ദത്തിലെ ആനന്ദമില്ലായ്മയും ബോധ്യപ്പെടാൻ ഇത് ഉപകരിക്കും.
'നിന്റെ ധനം എവിടെയാണോ അവിടെയാണു നിന്റെ ഹൃദയം'
എന്ന യേശുവചനത്തിലെ 'ധന' ത്തിന്റെ പൊരുൾ എന്തെന്നറിയാത്തവൻ തന്റെ ഹൃദയത്തെ തന്റെ സമ്പത്താകുന്ന ധനത്തിൽ സമർപ്പിക്കണമെന്നാണ് യേശുദേവൻ പറഞ്ഞിരിക്കുന്നതെന്നു ധരിച്ചാൽ അതിനു നിജസ്ഥിതിയുമായി എത്ര ബന്ധമുണ്ടാവും? ഇതുപോലെയാണ് ഇന്നു ഗുരുവചനങ്ങളെയും പുതുസമൂഹം മനസിലാക്കുന്നത്. അതിനാൽ കുറവുകളില്ലാത്തൊരു ജീവിതം, അല്ലെങ്കിൽ സന്തോഷകരമായ ഒരു ജീവിതം അതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതിനു വെളിവുരുകൊണ്ട് അകം വിളക്കുക തന്നെ വേണം. ഈ വെളിവുരുവാണ് യേശുദേവൻ പറഞ്ഞതിലെ ധനം. ആ ധനത്തിൽ വേണം നിന്റെ ഹൃദയം സമർപ്പിതമാകേണ്ടതെന്നാണ് ഈ യേശുവചനത്തിന്റെ പൊരുൾ. ഈ വിധം അതാതിന്റെ ദാർശനികപ്പൊരുളറിഞ്ഞ് മനസിലാക്കാനുള്ള ഒരു മനപ്പാകം നമുക്കുണ്ടായാൽ സന്തോഷത്തിലേക്കുള്ള വഴിതെളിഞ്ഞു വരും.