തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് പിന്നിൽ വൻ മാഫിയാ സംഘമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കേസിൽ മുൻ മാനേജർമാരുടെ പങ്ക് വെളിപ്പെട്ടതോടെ വയലിനിസ്‌റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണത്തിലും ദുരൂഹതയേറി. കേസിൽ പിടിയിലായ പ്രകാശൻ തമ്പി ബാലഭാസ്‌ക്കറിന്റെ സംഗീത പരിപാടികൾ ആസൂത്രണം ചെയ്യുന്ന സംഘാടകനും കേസിലെ മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന വിഷ്‌ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌ക്കറുടെ മരണത്തിൽ ഇവർക്കെതിരെയും സംശയങ്ങളുണ്ടെന്നും അതുകൂടി അന്വേഷിക്കണമെന്നും ബാലഭാസ്‌ക്കറിന്റെ അച്ഛൻ കെ.സി.ഉണ്ണി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് അന്വേഷണ സംഘത്തിന് ഉടൻ പരാതി നൽകുമെന്ന് ഉണ്ണി പറഞ്ഞതായും ഒരു മലയാള മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇവർ ബാലഭാസ്‌ക്കറിന്റെ മാനേജർമാരല്ലെന്നും ചില പരിപാടികളുടെ മാത്രം സംഘാടകരാണെന്നുമാണ് ഭാര്യ ലക്ഷ്മി നൽകുന്ന വിശദീകരണം.
സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ വിഷ്‌ണുവുമായി ബാലുവിന് ചെറുപ്പം മുതലേ ബന്ധമുണ്ടായിരുന്നുവെന്നും ഇയാളാണ് സംഗീത പരിപാടികളുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്‌തിരുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു. ഇയാൾ പതിവായി വിദേശ യാത്രകൾ നടത്താറുണ്ടായിരുന്നു. എന്നാൽ പ്രകാശൻ തമ്പിയെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ബാലഭാസ്‌ക്കർ പരിചയപ്പെടുന്നത്. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തിയ പ്രകാശൻ തമ്പി പിന്നീട് ബാലഭാസ്‌ക്കറിന്റെ കുടുംബവുമായി അകന്നു നിൽക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. മാത്രവുമല്ല പാലക്കാടുള്ള ഒരു സ്വകാര്യ ആയുർവേദ ആശുപത്രിയുമായി ബന്ധപ്പെട്ടും ദുരൂഹതകളുണ്ടായിരുന്നതായി ബാലഭാസ്‌ക്കറിന്റെ പിതാവ് പറയുന്നു. പാലക്കാടുള്ള ആശുപത്രിയിലെ നടത്തിപ്പുകാർക്ക് പ്രകാശൻ തമ്പിയുമായും വിഷ്‌ണുവുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരുടെ വിദേശത്തുള്ള വ്യാപാരവുമായി ബന്ധപ്പെട്ടാണ് വിഷ്‌ണു നിരന്തരം വിദേശയാത്രകൾ നടത്തിയിരുന്നത്. അപകടമുണ്ടാകുന്നതിന് തൊട്ടുമുമ്പ് പലതവണ എവിടെ എത്തിയെന്ന് അന്വേഷിച്ച് ബാലഭാസ്‌ക്കറിന് കോളുകൾ വന്നിരുന്നതായും അച്ഛൻ ഉണ്ണി ആരോപിക്കുന്നു.
സെപ്തംബർ 24ന് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരവേ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനടുത്ത് റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ ബാലഭാസ്‌കറും മകൾ തേജസ്വിനിയും മരിച്ചു. അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുനായിരുന്നുവെന്നാണ് ബാലുവിന്റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴി. എന്നാൽ വാഹനം ഓടിച്ചത് അർജുനായിരുന്നുവെന്നും ബാലു പിൻസീറ്റിൽ ഉറങ്ങുന്നത് കണ്ടുവെന്നും ചിലർ മൊഴി നൽകിയത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിച്ചു. ബാലഭാസ്‌ക്കറിന് ഉണ്ടായിരുന്ന ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കുടുംബം സംശയം ഉന്നയിച്ചു. അച്ഛൻ ഉണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുകയാണ്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നാണ് വിവരം.