novel

''നീ എന്താടാ അടവെടുക്കുന്നോ?"

സി.ഐ ഋഷികേശ് ചീറി.

അടിയേറ്റ വിവേക് ഭിത്തിയിലേക്കു വേച്ച് അവിടെ അള്ളിപ്പിടിച്ചു.

തന്റെ കവിൾ പുകഞ്ഞു നീറുന്നത് അവൻ അറിഞ്ഞു.

ഋഷികേശ് അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് നേരെ നിർത്തി.

''അവളെ കൊന്നത് നീയല്ലെങ്കിൽ പിന്നെ ആരാടാ? നീയല്ലേ അവളുടെ അരികിൽ നിൽക്കുന്നത്?"

''എനിക്ക് ... എനിക്കൊന്നും ഓർമ്മയില്ല സാർ..."

വിവേക് പൊട്ടിക്കരയുകയാണ്.

ഋഷികേശിന്റെ ദേഷ്യം ഇരട്ടിച്ചു. അയാൾ കാൽമുട്ടു മടക്കി ഒറ്റയിടി.

വിവേകിന്റെ അടിവയറ്റിൽ!

''ആ..." അലറിപ്പോയി വിവേക്. അറിയാതെ പാന്റ് മൂത്രത്തിൽ കുതിർന്നു.

പുറത്തുണ്ടായിരുന്ന പോലീസുകാർ പരസ്പരം നോക്കി.

ധൈര്യം സംഭരിച്ച് സിവിൽ പോലീസ് ഓഫീസർ ഗംഗാധരൻ കുറെ പേപ്പറുകൾ അടങ്ങിയ ഫയലുമായി സെല്ലിനുള്ളിലേക്കു ചെന്നു.

''സാർ..."

''മ്‌?" ഋഷികേശ് വെട്ടിത്തിരിഞ്ഞു.

''ഇവനല്ല ആ പെങ്കൊച്ചിനെ കൊന്നത്. കൊലചെയ്യപ്പെട്ട വാച്ചർ വാസുക്കുട്ടിയുടെ സ്റ്റേറ്റ്‌മെന്റാണ് ഇത്. അയാൾ എല്ലാം വിശദമായി പറഞ്ഞിട്ടുള്ളത്."

ഋഷികേശിന്റെ പല്ലുകൾ ഞെരിഞ്ഞു. തട്ടിപ്പറിക്കും പോലെ അയാൾ ആ ഫയൽ പിടിച്ചുവാങ്ങി. പിന്നെ അനേക കഷണങ്ങളായി വലിച്ചുകീറി മുകളിലേക്കെറിഞ്ഞു.

കരിയിലകൾ കണക്കെ കടലാസുതുണ്ടുകൾ സെല്ലിനുള്ളിൽ ചിതറിപ്പറന്നു.

''ചത്തവന്റെ സുവിശേഷം വായിച്ചു പഠിക്കാനല്ല ഞാൻ ഇങ്ങോട്ടു വന്നത്. കേസ് തെളിയിക്കാനാ. അത് എങ്ങനെ വേണമെന്ന് എനിക്ക് ശരിക്കറിയാം.

പിന്നെ... ഇവിടുന്ന് റിലീവ് ചെയ്തതല്ലേ തന്നെ? തനിക്ക് പോകാം. ഇനി ഇവിടെ ന്യായം പറയാൻ നിന്നാൽ എന്റെ തനിസ്വഭാവം താൻ അറിയും."

വിളറിപ്പോയി ഗംഗാധരൻ.

തലകുനിച്ച് അയാൾ പുറത്തിറങ്ങി.

അടുത്ത നിമിഷം അയാൾക്കു പിന്നിലേക്ക് ഋഷികേശ്, വിവേകിനെ വലിച്ചെറിഞ്ഞു.

ഒരു ചാക്കു കെട്ടു കണക്കെ വിവേക് സെല്ലിനു പുറത്തു വന്നുവീണു.

കലിയടങ്ങാതെ പിന്നാലെ പാഞ്ഞെത്തി ഋഷികേശ്.

ഗംഗാധരനോടുള്ള പക തീർക്കാൻ എന്നവണ്ണം വിവേകിനെ പൊക്കി ഒരു മേശയിലെ ഫയലുകൾക്കു പുറത്തേക്ക് മുഖം അമർത്തി.

ശേഷം കൈമുട്ടുകൊണ്ട് നട്ടെല്ലിനു മീതെ നാലഞ്ചിടി.

നട്ടെല്ല് ഒടിഞ്ഞതുപോലെ വിവേക് അലറിപ്പിടഞ്ഞു.

''നീ ചെയ്തത് എന്താണെന്ന് ഞാൻ പറയും. അത് അനുസരിക്കുക മാത്രമാണ് നിന്റെ ജോലി."

ഋഷികേശ് തിരിഞ്ഞ് റൈട്ടറെ നോക്കി.

''ഇവന്റെ സ്റ്റേറ്റ്‌മെന്റ് ഞാൻ പറയുന്നതുപോലെ എഴുതുക."

റൈട്ടർക്ക് അനുസരിക്കാതെ തരമില്ലായിരുന്നു.

ഇനിയൊന്നും കാണാനുള്ള കരുത്തില്ലാതെ സിവിൽ പോലീസ് ഓഫീസർ ഗംഗാധരൻ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി.

** * **

വൈകിട്ട് 7 മണി.

പറഞ്ഞ പ്രകാരം സി.ഐ ഋഷികേശ് അവിടെയെത്തുമ്പോൾ എം.എൽ.എ ശ്രീനിവാസ കിടാവും പ്രജീഷും ചന്ദ്രകലയും ഉണ്ടായിരുന്നു അവിടെ....

ഋഷികേശിനെ ഏവരും ചേർന്ന് സ്വീകരിച്ചിരുത്തി.

അയാളുടെ കണ്ണുകൾ ഒരുവട്ടം ചന്ദ്രകലയെ നഖശിഖാന്തം ഉഴിഞ്ഞു.

അവൾ അതു കണ്ടെങ്കിലും അങ്ങനെ ഭാവിച്ചില്ല.

പ്രജീഷ്, ഒരു കുപ്പി ജോണി വാക്കറും സോഡയും നെയ്യിൽ വറുത്ത ബദാം പരിപ്പും പ്രോൺസ് ഫ്രൈയും എടുത്ത് ഋഷികേശിനു മുന്നിലെ ടീപ്പോയിൽ വച്ചു.

ഋഷികേശ് കുപ്പിയെടുത്തു. കൈമുട്ടുകൊണ്ട് അതിന്റെ അടിയിൽ ഒന്നു തട്ടിയിട്ട് താറാവിന്റെ കഴുത്ത് പിരിക്കുന്നതുപോലെ അടപ്പു തുറന്നു ഒരു ഗ്ളാസിലേക്കു വീഴ്ത്തി. അര ഗ്ളാസോളം ആയതും സോഡ കലർത്തി ഒറ്റ വലിക്ക് അകത്താക്കി.

പിന്നെ പുറം കൈകൊണ്ട് ചുണ്ടു തുടച്ചിട്ട് കുറെ ബദാം പരിപ്പു വാരി വായിലിട്ടു.

''അപ്പോൾ..." കിടാവിനെ നോക്കിക്കൊണ്ട് ഋഷികേശ് പറഞ്ഞു:

''എല്ലാ ഭദ്രം. സാറ് വിചാരിച്ചിടത്തുതന്നെ തോണിയടുക്കും. അമ്മാതിരി എഫ്.ഐ.ആറാണ് ഞാൻ തയ്യാറാക്കിയതും മജിസ്ട്രേട്ടിനു മുന്നിലെത്തിച്ചിട്ട് ചെറുക്കനെ ദുർഗുണ പരിഹാര പാഠശാലയിലേക്കു മാറ്റിയതും."

പ്രജീഷിന്റെയും ചന്ദ്രകലയുടെയും സന്തോഷത്തിന് അതിരില്ലായിരുന്നു.

ഋഷികേശ് വീണ്ടും തുടരെത്തുടരെ രണ്ടു മൂന്നു പെഗ്ഗുകൾ കൂടി അകത്താക്കി.

തുടർന്ന് മുന്നോട്ടാഞ്ഞ് ചന്ദ്രകലയുടെ കൈയ്ക്കു പിടിച്ചു.

''വന്നേ പറയട്ടെ..."

പ്രജീഷ് ഞെട്ടി.

''സാർ...."

അതു ശ്രദ്ധിക്കാതെ സി.ഐ അവളുടെ അരയ്ക്കു കൈ ചുറ്റി അടുത്ത മുറിയിലേക്കു കൊണ്ടുപോയി.

(തുടരും)