modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയിൽ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായി സത്യപ്രതി‌ജ്ഞ ചെയ്ത് അധികാരമേറ്റ രമേഷ് പൊഖ്രിയാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്ന് ആരോപണം. രമേഷ് പൊഖ്രിയാലിന്റെ പേരിലുള്ള രണ്ട് ഡി-ലിറ്റ് ബിരുദങ്ങൾ ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഫ് കൊളംബോ എന്ന ശ്രീലങ്കൻ സർവകലാശാലയുടെ പേരിലാണ്. സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ച് 1990ൽ കൊളംബോ ഓപ്പൺ സർവകലാശാല ഡി ലിറ്റ് ബിരുദം നൽകിയെന്നാണ് രമേഷ് പൊഖ്രിയാലിന്റെ ബയോഡാറ്റയിൽ പറയുന്നത്. എന്നാൽ,​ ശ്രീലങ്കയിൽ ഇങ്ങനെയൊരു സർവകലാശാല ഇല്ലെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ശാസ്ത്രരംഗത്തെ സംഭാവനകൾ പരിഗണിച്ചും കൊളംബോ ഓപ്പൺ സർവകലാശാല പൊഖ്രിയാലിന് രണ്ടാമതൊരു ഡോക്ടറേറ്റ് കൂടി നൽകിയിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാൽ,​ ഇങ്ങനെയൊരു സർവകലാശാല ശ്രീലങ്കയിൽ പ്രവർത്തിക്കുന്നില്ല എന്ന് ശ്രീലങ്കയിലെ സർവകലാശാല ഗ്രാൻഡ്സ് കമ്മിഷനിൽ നിന്ന് സ്ഥിരീകരണം കിട്ടിയെന്നാണ് റിപ്പോർട്ട്.

രമേഷ് പൊഖ്രിയാലിന്റെ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം കഴിഞ്ഞവർഷം ഡെറാഡൂണിൽ നൽകിയ അപേക്ഷയ്‌ക്ക് കിട്ടിയ മറുപടിയിലെ വിവരങ്ങൾ അപൂർണ്ണമായിരുന്നു. മാത്രമല്ല, വിവരാവകാശ നിയമപ്രകാരം ലഭിച്ച രമേഷ് പൊഖ്രിയാലിന്റെ ബയോ ഡാറ്റയിലുള്ള ജനന തീയതിയും പാസ്പോർട്ടിലെ ജനനതീയതിയും യോജിക്കുന്നില്ല.

ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നിൽ ഒന്നുമല്ല, പ്രാചീന ഇന്ത്യയിലെ സന്യാസിയായിരുന്ന കണാദനാണ് ആദ്യം ആണവപരീക്ഷണം നടത്തിയത്, പ്ലാസ്റ്റിക് സർജറി നടത്തിയാണ് ഗണപതിയെ സൃഷ്ടിച്ചത് തുടങ്ങിയ വിവാദ പ്രസ്താവനകളിലൂടെ രമേഷ് പൊഖ്രിയാൽ നേരത്തേയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പാർലമെന്റിലെ ചർച്ചയ്ക്കിടെയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയും വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കെതിരെയും നേരത്തെ വ്യാജ ഡിഗ്രി ആരോപണങ്ങൾ ഉയർന്നിരുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേഷ് പൊഖ്രിയാൽ തിരഞ്ഞെടുക്കപ്പെട്ടത്.