അഗർത്തല : ത്രിപുരയിൽ ബി.ജെ.പി സർക്കാർ സ്വന്തം മന്ത്രിയെ പുറത്താക്കി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സുദീപ് റോയ് ബർമയെയാണ് മുഖ്യമന്ത്രി ബിപ്ലവ് കുമാർ പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് ബി.ജെ.പി സുദീപ് റോയ് ബർമയെ മന്ത്രിസഭയിൽ നിന്നും പിൻവലിക്കാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ സുദീപ് റോയ് വഹിച്ചിരുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും പിഡബ്ല്യുഡി, ഐടി എന്നീ വകുപ്പുകളുടേയും ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു. കോൺഗ്രസിൽ നിന്നും കഴിഞ്ഞ വർഷമാണ് സുദീപ് റോയ് ബി.ജെ.പിയിൽ ചേർന്നത്.
നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുത്ത ബി.ജെ.പി മികച്ച വകുപ്പിലാണ് അദ്ദേഹത്തെ മന്ത്രിയാക്കിയത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പ്രചാരണ പരിപാടികളിൽ നിന്നും സുദീപ് റോയ് വിട്ടു നിൽക്കുകയായിരുന്നു. ഇതു കൂടാതെ അർഹതയുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യൂ എന്ന അദ്ദേഹത്തിന്റെ ആഹ്വാനവും ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു.
മന്ത്രിയായിരുന്നപ്പോഴും വിവാദങ്ങളിലൂടെ സുദീപ് റോയ് ഏറെ പഴികേട്ടിരുന്നു. ഗർഭച്ഛിദ്രം നടക്കുന്നതായുള്ള റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് സർക്കാർ ആശുപത്രിയിലെ ലേബർ റൂമിൽ കയറിയത് ഏറെ വിവാദമായിരുന്നു.