ന്യൂഡൽഹി: ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ തടയരുതെന്നും അങ്ങനെ തടയുകയാണെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രമന്ത്രി. ബംഗാളിൽ നിന്നുതന്നെയുള്ള കേന്ദ്രമന്ത്രി ദേബശ്രീ ചൗധരിയാണ് മമതയ്ക്ക് ഇങ്ങനെയൊരു താക്കീത് നൽകിയത്. പരസ്പര സഹകരണത്തോടു കൂടി പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തടസങ്ങൾ ഉണ്ടാക്കിയാൽ ശക്തമായി പ്രതികരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
'പരസ്പര സഹകരണത്തോടു കൂടി (ബംഗാൾ)സംസ്ഥാനവുമായി ബന്ധപെട്ട് പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കേന്ദ്രത്തിന്റെ പദ്ധതികൾ നടപ്പാക്കുമ്പോൾ ബംഗാളിന്റെ ഭാഗത്ത് നിന്നും ഒരു തടസ്സവും ഉണ്ടാവരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. പദ്ധതികൾ നടപ്പിൽ വരുത്തുന്നതിന് എതിര് നിൽക്കാനാണ് സംസ്ഥാനത്തിന്റെ ഭരണകർത്താക്കളുടെ ഉദ്ദേശ്യമെങ്കിൽ ജനങ്ങൾ ഈ തടസ്സങ്ങളെ ഇല്ലാതാക്കും' ദേബശ്രീ തന്റെ നിലപാട് വ്യക്തമാക്കി.
ബംഗാളിലെ റായ്ഗഞ്ചിൽ നിന്നുമാണ് ബി.ജെ.പി എം.പിയായി ദേബശ്രീ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ ബംഗാളിൽ നിന്നുമുള്ള രണ്ടുപേരാണ് കേന്ദ്ര മന്ത്രിസഭയിൽ സ്ഥാനം നേടിയിരിക്കുന്നത്. ദേബശ്രീ ചൗധരിയും, അസൻസോളിൽ നിന്നുമുള്ള ബാബുൽ സുപ്രിയോയും. ബംഗാളിൽ ഗായിക എന്ന നിലയിൽ പ്രശസ്തയായിരുന്ന ദേബശ്രീ ഇന്നലെയാണ് മറ്റ് കേന്ദ്രമന്ത്രിമാർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചുമതലയാണ് ദേബശ്രീയ്ക്ക് ഉള്ളത്.
മുൻപ് ബംഗാളിലെ മമത സർക്കാർ സംസ്ഥാനത്ത് കേന്ദ്ര പദ്ധതികൾ നടപ്പിൽ വരുത്തുന്നതിന് തടസ്സം നിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണം ഉയർത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് അദ്ദേഹം ഈ ആരോപണം ഉന്നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ നിന്നും 18 സീറ്റുകളാണ് ഇത്തവണ ബി.ജെ.പി നേടിയത്.