തിരുവനന്തപുരം : ശബരിമലയുൾപ്പടെയുള്ള ക്ഷേത്രങ്ങളുടെ ഭരണനിയന്ത്രണം സർക്കാരിലേക്ക് ഉറപ്പാക്കും വിധം തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപന നിയന്ത്രണ ചട്ടം ഭേദഗതി ചെയ്യാൻ സർക്കാർ നീക്കം. ശബരിമലയിൽ വികസന അതോറിറ്റി രൂപവത്കരിക്കുന്നതാണ് ഇതിന്റെ ആദ്യഘട്ടം. തിരുപ്പതി മാതൃകയിൽ ശബരിമലയിൽ ഭരണപരിഷ്‌കാരം നടപ്പിലാക്കുവാനാണ് ഇതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. നിലവിൽ കേരള ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന ഉന്നതാധികാര സമിതിയുടെ അധികാരങ്ങളും ചുമതലകളും വികസന അതോറിറ്റിയുടെ കീഴിലാക്കാനും നീക്കമുണ്ട്. എന്നാൽ സർക്കാരിന്റെ ഈ ശ്രമം എത്രത്തോളം വിജയിക്കുമെന്ന സംശയം നിയമവകുപ്പിനുണ്ട്. വികസന അതോറിറ്റി രൂപികരണത്തിനായി തയ്യാറാക്കുന്ന ബില്ലിന്റെ കരട് ഉന്നതാധികാര സമിതിയ്ക്ക് മുൻപാകെ ഹാജരാക്കണമെന്നും നിയമവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയെ ദേശീയനിലവാരമുള്ള തീർത്ഥാടന കേന്ദ്രമായി ഉയർത്തുക എന്നതാണ് വികസന അതോറിറ്റിയുടെ പ്രാഥമിക ലക്ഷ്യം. ഇതിനായി ശബരിമലയിലെ ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തുകയും, പരിസ്ഥിതി സംരക്ഷിക്കുവാനുള്ള നടപടികൾക്ക് പ്രാധാന്യം നൽകുകയും ചെയ്യും. തിരുപ്പതി മോഡലിൽ ശബരിമലയിൽ വികസനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് പ്രസ്താവന നടത്തിയിട്ടുമുണ്ട്.
അതേ സമയം വികസന അതോറിറ്റി നിലവിൽ വരുന്നതോടെ ദേവസ്വം ബോർഡിന്റെ അവകാശങ്ങൾ സർക്കാർ കവരുന്നതിന് കാരണമാവും എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ക്ഷേത്രങ്ങളിൽ ഓഡിറ്റ് ഉൾപ്പടെയുള്ള ദേവസ്വം ബോർഡിന്റെ അധികാരത്തിൻ മേൽ പിടിമുറുക്കും. കൂടാതെ സർക്കാർ ഫണ്ടിൽ നിന്നുമുള്ള നിർമ്മിതികളിലും മറ്റ് വികസന പ്രവർത്തികൾക്കായുള്ള പദ്ധതിയും വികസന അതോറിറ്റിയുടെ കീഴിലാവും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ,വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ,പരിസ്ഥിതി എൻജിനീറിങ് വിദഗ്ദ്ധൻ,കേന്ദ്ര സംസ്ഥാന സർവീസിലുള്ള ചീഫ് എൻജിനീയർ, ഹിന്ദു ആചാരങ്ങളിലും ക്ഷേത്രകാര്യങ്ങളിലും വൈദഗ്ദ്ധ്യമുള്ള ഒരാൾ,തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ചീഫ് എൻജിനീയർ,ജില്ലാ മജിസ്‌ട്രേറ്റ് റാങ്കിൽ കുറയാത്ത ഒരാൾ എന്നിവരടങ്ങുന്നതാണ് വികസന അതോറിറ്റിയിലെ അംഗങ്ങൾ
അതേ സമയം ക്ഷേത്രങ്ങളെ ആർ.എസ്.എസിന്റെ കയ്യിൽ നിന്നും മോചിപ്പിക്കണമെന്ന സി.പി.എമ്മിന്റെ ഏറെനാളായുള്ള ആവശ്യം നടപ്പിലാക്കുവാനും ഭേദഗതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി 31ബി. യിൽ പുതിയ വ്യവസ്ഥ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിൻപ്രകാരം ക്ഷേത്രങ്ങളെ ഉപയോഗിച്ച് ഉത്സവമല്ലാത്ത മറ്റൊരു പ്രവർത്തിയും ഏതെങ്കിലും വ്യക്തിക്കോ സംഘടനയ്‌ക്കോ നടത്താൻ അവകാശമുണ്ടായിരിക്കില്ല, ഇപ്രകാരം ക്ഷേത്ര ഭൂമി ഉപയോഗിക്കുന്നത് ആറുമാസം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും. ഇതോടെ ആയുധം ഉപയോഗിച്ചോ ഇല്ലാതെയോ ക്ഷേത്രഭൂമിയിൽ പരിശീലനം നടത്തുന്നത് ജാമ്യമില്ലാ കുറ്റവുമാവും. സർക്കാരിന്റെ നവോത്ഥാന മാതൃകകൾ ഉൾക്കൊള്ളിക്കുവാനും ഭേദഗതി ലക്ഷ്യമിടുന്നുണ്ട്. ക്ഷേത്രസമിതികളിൽ സ്ത്രീകളെ ഉൾപ്പെടുത്തണമെന്നതാണ് ഒരു നിർദ്ദേശം. ക്ഷേത്ര ഉപദേശക സമിതിയിൽ മൂന്നിലൊന്ന് സ്ത്രീകളാവണമെന്നും ഭേദഗതിയുടെ കരടിലുണ്ട്.